റഷ്യ, നെതര്‍ലാന്റ് എന്നിവടങ്ങളിലേക്ക് വിസ വാഗ്ദാനം; കൊല്‍ക്കത്ത സ്വദേശികളുടെ 10.5 ലക്ഷം തട്ടി, രാജപുരത്തെ ദമ്പതികള്‍ക്കെതിരെ കേസ്

കാസര്‍കോട്: റഷ്യ, നെതര്‍ലാന്റ് എന്നിവടങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 3 ഉദ്യോഗാര്‍ഥികളുടെ പണം തട്ടിയ രാജപുരത്തെ ദമ്പതികള്‍ക്കെതിരെ കേസ്. കൊല്‍ക്കത്തയിലെ റോയര്‍ അപ്ലിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം നടത്തുന്ന അഫാഖ് റോയറുടെ പരാതിയിലാണ് രാജപുരം പൊലീസ് കേസെടുത്തത്. രാജപുരത്ത് ആവേ മറിയ ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന സാജന്‍ ഫിലിപ്പ്, ഭാര്യ എന്നിവര്‍ക്കെതിരെയാണ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തത്. പരാതിക്കാരന്റെ കക്ഷികളായ 3 പേര്‍ക്ക് നെതര്‍ലാന്റിലേക്കും റഷ്യയിലേക്കും ജോലി ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കി വര്‍ക്ക് എഗ്രിമെന്റ്, ജോബ് പെര്‍മിറ്റ് എന്നിവ വ്യാജമായി നിര്‍മിച്ച് നല്‍കുകയായിരുന്നു. ഇവ ഇമെയില്‍ വഴി അയച്ചു നല്‍കി. ഇതിനായി പരാതിക്കാരനില്‍ നിന്ന് 10,50,000 രൂപ പ്രതി അക്കൗണ്ട് വഴി കൈപ്പറ്റിയിരുന്നു. ശേഷം വിസ നല്‍കാതെ വഞ്ചിക്കുകയും കക്ഷികളായ രണ്ടുപേരുടെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page