വീടിന്റെ പിന്‍ഭാഗത്ത് മദ്യവില്‍പന, 34 ലിറ്റര്‍ വിദേശ മദ്യം വീടിന്റെ പരിസരങ്ങളില്‍ കുഴിച്ചിട്ടു; 38 കാരിയുടെ പുതുവല്‍സര ബിസിനസ് പൊളിച്ച് എക്‌സൈസ്

മലപ്പുറം: ചുങ്കത്തറയില്‍ പുതുവല്‍സര വിപണി ലക്ഷ്യമിട്ട് എത്തിച്ച 34 ലിറ്റര്‍ വിദേശ മദ്യം എക്‌സൈസ് പിടികൂടി. ചുങ്കത്തറ സ്വദേശിനി ബേബി (38) ആണ് നിലമ്പൂര്‍ എക്‌സൈസിന്റെ പിടിയിലായത്.
വീടിന്റെ പിന്‍ഭാഗത്ത് മദ്യവില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവുമായി യുവതി എക്സൈസിന്റെ പിടിയിലായത്. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ ഒരു ബോട്ടില്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പറമ്പില്‍ പലയിടത്തും കുഴിമൂടിയ നിലയില്‍ കണ്ടതോടെ മാന്തി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച മദ്യം കിട്ടിയത്. 34 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ കുപ്പികളാണ് എക്സൈസ് സംഘം ഇവിടെ നിന്നും കണ്ടെടുത്തത്. അബ്കാരി നിയമം 55 എ, 55 ഐ, 13 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘം പരിശോധനയ്ക്ക് എത്തിയ സമയം ബേബിയുടെ വീടിന്റെ പിന്‍ഭാഗത്തെ ഷെഡില്‍ മദ്യ വില്‍പന നടത്തുകയായിരുന്നു.
പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് ബേബി ഇത്രയധികം മദ്യം സൂക്ഷിച്ചതും വില്‍പന നടത്തിയതും. പിടിയിലായ ബേബി മുന്‍പും അബ്കാരി കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ സി കെ റംഷുദിന്‍, സി ഇ ഒ മാരായ ആബിദ്, വിഷ്ണുജിത്ത്, ഡബ്ല്യു സി ഇ ഒ ഷീന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page