കാസര്‍കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍. ദേലംപാടി ഊജംപദവ് സ്വദേശിയും ലോറി ഡ്രൈവറുമായ അഖില്‍ സി രാജു(28)വിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി പത്തര മണിയോടെയാണ് സംഭവം. ലോറി ഈശ്വരമംഗലത്ത് നിര്‍ത്തിയിട്ട ശേഷം ബൈക്കില്‍ ഊജംപദവിലെ വീട്ടിലേക്ക് വരികയായിരുന്നു അഖില്‍. അര കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ റോഡിന് കുറുകെ ഓടിയ കാട്ടുപന്നി അഖില്‍ ഓടിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അഖിലിനെ പന്നി ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് അഖിലിനെ റോഡില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ അവര്‍ അഖിലിനെ ആശുപത്രിയില്‍ എത്തിച്ചു. ദേലംപാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ട്. നാട്ടില്‍ ഇറങ്ങുന്ന പന്നികളെ വെടിവെച്ചു കൊല്ലുന്നതിനു അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ മുന്‍ പഞ്ചായത്ത് ഭരണസമിതിക്ക് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.







