മുള്ളേരിയ: കേരള നിയമസഭയിലെ ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍ ത്രിമൂര്‍ത്തികളെപ്പോലെയാണ് ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു.
ബിജെപി ബദിയടുക്ക മണ്ഡലം പ്രശിക്ഷണ്‍ മഹാ അഭിയാന്‍ (പരിശീലന പരിപാടി) മുള്ളേരിയ ഗണേഷ് കലാമന്ദിരത്തില്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസംഘത്തിന്റെ കാലം മുതല്‍ തന്നെ പ്രവര്‍ത്തകര്‍ക്കായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ടെന്നും അത് ഇന്നും തുടര്‍ന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ വധശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തുടര്‍ന്ന് അഞ്ച് ദിവസത്തെ പഠന ക്യാമ്പ് സംഘടിപ്പിച്ച് വരുംകാല പോരാട്ടങ്ങള്‍ക്കുള്ള പ്രവര്‍ത്തനരേഖ തയ്യാറാക്കി. അത്തരത്തിലുള്ള പരിശീലനങ്ങളും പ്രവര്‍ത്തകരുടെ നിരന്തരമായ കഠിനാധ്വാനവുമാണ് ഇന്ന് ബിജെപിയെ ഒരു വന്മരമായി വളര്‍ത്തിയതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണ എം. അധ്യക്ഷത വഹിച്ചു. മണികണ്ഠ റൈ, സുധാമ ഗോസാഡ, ശിവകൃഷ്ണ ഭട്ട്, സുകുമാര കുദ്രെപ്പാടി, ഹരീഷ് നാരമ്പാടി, ശങ്കര ഡി. ബദിയടുക്ക, ജനനി കാറഡ്ക, യശോധ കുമ്പഡാജെ, മാലിനി ബെള്ളൂര്‍, അശ്വിനി കെ.എം., വസന്ത കെ., മുരളീധര യാദവ് പങ്കെടുത്തു.
രവീന്ദ്ര റൈ സ്വാഗതവും അവിനാഷ് വി. റൈ നന്ദിയുംപറഞ്ഞു.







