ന്യൂഡല്‍ഹി: ഓടുന്ന വാഹനത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞ അതിജീവിതയുടെ ഒരു കണ്ണ് പൂര്‍ണ്ണമായും തകര്‍ന്നതായും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ഡോക്ടര്‍മാര്‍. ഫരീദാബാദില്‍ കൂട്ടബലാത്സംഗത്തിനിരയായ 25കാരിയാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
പീഡനം എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയെ പ്രതികള്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് ഉണ്ടായ പരിക്കുകളുമുണ്ട്. ജീവന് ഭീഷണിയില്ലെങ്കിലും ആരോഗ്യ നിലയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഹരിയാനയിലെ ക്രമസമാധാനം തകര്‍ന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.
തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ വാനിലെത്തിയ രണ്ടംഗസംഘം പെണ്‍കുട്ടിക്ക് ലിഫ്റ്റ് നല്‍കി വാഹനത്തിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം യുവതിയെ അക്രമികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു.
അവശനിലയിലായ പെണ്‍കുട്ടി സഹോദരിയെ വിളിച്ച് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് 12 തുന്നലുകള്‍ വേണ്ടിവന്നിരുന്നു. അതിനിടെയാണ് കണ്ണിനും തലയ്ക്കും പരിക്കേറ്റ വിവരവും പുറത്തുവരുന്നത്.







