രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് : ലോഞ്ച് തീയതി, നിരക്ക് എന്നിവ അറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി – കൊല്‍ക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ഓടുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഓരോ ട്രെയിനിനും 16 കോച്ചുകള്‍ ഉണ്ട്, 823 യാത്രക്കാരെ വഹിക്കാന്‍ കഴിയും. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത സ്ലീപ്പര്‍ ട്രെയിന്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും ലോകോത്തര സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

രണ്ട് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റുകള്‍ ഇതിനകം തയ്യാറായിട്ടുണ്ട്, പരീക്ഷണ ഓട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി വൈഷ്ണവ് പറഞ്ഞു.

അടുത്ത ആറ് മാസത്തിനുള്ളില്‍ എട്ട് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി പുറത്തിറക്കുമെന്നും, വര്‍ഷാവസാനത്തോടെ സ്ലീപ്പര്‍ ട്രെയിനുകളുടെ എണ്ണം 12 ആയി ഉയരുമെന്നും മന്ത്രി അറിയിച്ചു. കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയെ നേരിട്ട് ബന്ധിപ്പിക്കുന്ന ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലാണ് സര്‍വീസ് ആരംഭിക്കുന്നത്. വേഗതയേറിയ രാത്രികാല യാത്ര ഇതില്‍ ഉള്‍പ്പെടും.

പ്രധാന സവിശേഷതകള്‍

കോട്ട-നാഗ്ദ സെക്ഷനില്‍ നടന്ന ഹൈ സ്പീഡ് ട്രയലില്‍ മണിക്കൂറില്‍ 180 കി.മീ വേഗത കൈവരിച്ചാണ് ഈ ട്രെയിന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയത്. ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതില്‍ 11 ത്രീ-ടയര്‍ എസി കോച്ചുകള്‍ (611 സീറ്റുകള്‍), 4 ടൂ-ടയര്‍ എസി കോച്ചുകള്‍ (188 സീറ്റുകള്‍), ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് (24 സീറ്റുകള്‍) എന്നിവയുണ്ടാകും. 823 യാത്രക്കാരെ വഹിക്കാന്‍ കഴിയും.

യാത്രാ നിരക്ക് (ഭക്ഷണം ഉള്‍പ്പെടെ):

ത്രീ-ടയര്‍ എസി: ഏകദേശം 2,300 രൂപ

ടൂ-ടയര്‍ എസി: ഏകദേശം 3,000 രൂപ

ഫസ്റ്റ് ക്ലാസ് എസി: ഏകദേശം 3,600 രൂപ

യാത്രക്കാര്‍ക്കുള്ള ആധുനിക സൗകര്യങ്ങള്‍

ബെര്‍ത്തുകളുടെ കുഷ്യന്‍ സൗകര്യം വര്‍ദ്ധിപ്പിക്കുകയും ശബ്ദമലിനീകരണം കുറയ്ക്കാനുള്ള ആധുനിക സസ്‌പെന്‍ഷന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന ‘കവച്’ സാങ്കേതികവിദ്യയും അടിയന്തര സാഹചര്യങ്ങളില്‍ ഡ്രൈവറുമായി സംസാരിക്കാന്‍ ‘ടോക്ക് ബാക്ക്’ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോച്ചുകളില്‍ അണുനശീകരണത്തിനുള്ള അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓട്ടോമാറ്റിക് ഡോറുകള്‍, വിശാലമായ ഉള്‍വശം, വായുസഞ്ചാരമുള്ള ഇന്റീരിയര്‍, എയറോഡൈനാമിക് ഡിസൈന്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ബിസിനസ്സ് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന ഈ സര്‍വീസ് രാത്രികാല യാത്രകളില്‍ പുതിയൊരു മാറ്റം കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page