കാസര്‍കോട്: വിവാഹ ബന്ധം വേര്‍പെടുത്തിയ വിരോധത്തില്‍ മുന്‍ ഭര്‍ത്താവും മാതാവും മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തിമിരി മാനത്തടത്തെ സുകുമാരന്റെ മകള്‍ അലേഖ സൗപര്‍ണ്ണിക(32) നല്‍കിയ പരാതിയിലാണ് മുന്‍ ഭര്‍ത്താവ് മാനത്തടത്തെ വി.വി നവനീത്, മാതാവ് സുശീല എന്നിവര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരി നവനീതുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഈ വിരോധത്തില്‍ പ്രതികള്‍ പരാതിക്കാരിയെയും മാതാവിനെയും കൈ കൊണ്ടും വടികൊണ്ടും അടിച്ചു പരിക്കേല്‍പ്പിക്കുകയും കഴുത്തിന് കുത്തി പിടിച്ച് കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നവനീത് യുവതിയെ കാലുകൊണ്ട് ചവിട്ടുകയും സുശീല അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റ യുവതി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം വീട്ടിലേക്കുള്ള വഴിയില്‍ വെച്ച് അശ്ലീലഭാഷയില്‍ ചീത്തവിളിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചുവെന്ന തിമിരി മാനത്തടത്തെ വി.വി. സുശീല (55)യുടെ പരാതിയില്‍ മാനത്തടത്തെ ശോഭനയുടെ പേരിലും ചീമേനി പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വീട്ടമ്മ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. സംഭവത്തിനിടെ നവനീത് ഫോട്ടോഗ്രാഫറായ സതീശനെ സ്‌കൂട്ടര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കേസുണ്ട്.







