കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് സ്ഥാപിക്കണമെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ ആവശ്യപ്പെട്ടു. നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം കാനായിയുടെ വസതിയില്‍ നടന്നപ്പോള്‍ അദ്ദേഹം ഈ ആവശ്യം കളക്ടറുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തൃശ്ശൂരിന് വടക്ക് സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജുകള്‍ ഇല്ലെന്നും അതിനാവശ്യമായ എല്ലാ സഹായവും താന്‍ നല്‍കുമെന്നും കാനായി പറഞ്ഞു. രക്ഷിതാക്കളുടെ താല്പര്യങ്ങള്‍ക്ക് അല്ല കുട്ടികളുടെ താല്പര്യത്തിന് അനുസരിച്ചുള്ള പഠനരീതിയ്ക്ക് പ്രാമുഖ്യം നല്‍കണമെന്നു അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍നിന്ന് അഭിപ്രായം സ്വീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നു കാനായി കൂട്ടിച്ചേര്‍ത്തു. കാനായി കുഞ്ഞിരാമന്റെ പത്‌നി നളിനി ഒപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിച്ച് നയം രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വിവി രമേശന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അനിത,
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, അസംബ്ലി മണ്ഡലം ചാര്‍ജ് ഓഫീസര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍, ജില്ലാ നിര്‍വ്വഹണ സമിതി അംഗം കെ. അനില്‍കുമാര്‍ സംസാരിച്ചു. എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ കെ. പ്രസന്നന്‍ പങ്കെടുത്തു







