കയ്യില്‍ ബിയര്‍ കുപ്പിയുമായി ഗോവയിലെ റോഡിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോകുന്ന സാറാ തെന്‍ഡുല്‍ക്കറിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍; വ്യാപക സൈബര്‍ ആക്രമണം

പനാജി: കയ്യില്‍ ബിയര്‍ കുപ്പിയുമായി ഗോവയിലെ റോഡിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോകുന്ന സാറാ തെന്‍ഡുല്‍ക്കറിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനം. വീഡിയോയില്‍, സാറ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം റോഡിലൂടെ നടക്കുന്നത് കാണാം. എന്നാല്‍ സാറ കയ്യില്‍ പിടിച്ചിരിക്കുന്നത് ബിയര്‍ കുപ്പിയാണെന്നാണ് ആരോപണം. ഇതോടെ വീഡിയോയ്ക്ക് താഴെ സാറയ്‌ക്കെതിരെ കമന്റുകളും പെരുകി. ബിയറിന്റെ ബ്രാന്‍ഡ് നെയിം ഉള്‍പ്പെടെ ചിലര്‍ കമന്റ് ചെയ്തതോടെ ഇതിഹാസ താരത്തിന്റെ മകള്‍ പരസ്യമായി മദ്യക്കുപ്പി കയ്യില്‍ പിടിച്ചു നടക്കുന്നതിനെതിരെ പലരും രംഗത്തെത്തി.

എന്നാല്‍ സാറയെ പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തി. 28 കാരിയായ സാറ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശമുണ്ടെന്നും ചിലര്‍ വാദിച്ചു. ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മകള്‍ ബിയര്‍ കഴിക്കുകയാണെങ്കില്‍ അത് എങ്ങനെ സച്ചിന്‍ തെല്‍ഡുല്‍ക്കര്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയാന്‍ സാധിക്കുമെന്നും ഇവര്‍ ചോദിക്കുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം യാത്രകള്‍ പോകാറുള്ള സാറ, ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം വൈറലാകാറുമുണ്ട്. ഇപ്പോള്‍ മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സാറയ്‌ക്കെതിരെ സൈബറാക്രമണമുണ്ടായത്.

പിതാവിന്റെ വഴിയേ സഹോദരനും ക്രിക്കറ്റ് പാത പിന്തുടര്‍ന്നപ്പോള്‍ ഡോക്ടര്‍ ബിരുദധാരിയായ സാറ സംരഭകയാകാനാണ് തീരുമാനിച്ചത്. 2025 ഓഗസ്റ്റില്‍ മുംബൈയിലെ അന്ധേരിയില്‍ ‘പൈലേറ്റ്‌സ് അക്കാദമി’ എന്ന പേരില്‍ സാറ ഫിറ്റ്‌നെസ് സെന്റര്‍ ആരംഭിച്ചിരുന്നു. ദുബായ് ആസ്ഥാനമായുള്ള ജനപ്രിയ പൈലേറ്റ്‌സ് അക്കാദമി ഫ്രാഞ്ചൈസിയുടെ നാലാമത്തെ ശാഖയാണ് ഇത്. യുകെയിലെ പഠനകാലത്ത് പൈലേറ്റ്‌സിനെ കുറിച്ച് അറിയുന്ന സാറ ഇതു സംബന്ധിച്ച ക്ലാസില്‍ പങ്കെടുത്തതോടെ അതേ ആശയത്തിലൊരു സംരംഭം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page