ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി; ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടി; ഹണിട്രാപ്പ് കേസില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

പൊന്നാനി: യുവാവിനെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും പിടിയിലായി. പട്ടമാര്‍ വളപ്പില്‍ നസീമ (44), ഭര്‍ത്താവിന്റെ സുഹൃത്ത് കളത്തില്‍ വളപ്പില്‍ അലി (55) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റുചെയ്തത്. ഈമാസം പതിനാലാം തീയതിയാണ് സംഭവം. പരാതിക്കാരനായ തിരൂര്‍ സ്വദേശിയെ നസീമ നരിപ്പറമ്പിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി ആദ്യം 50,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ തുക നല്‍കാന്‍ കഴിയാത്തതിനാല്‍, യുവാവ് സുഹൃത്തില്‍ നിന്ന് കടം വാങ്ങി 25,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി കൈമാറിയതായാണ് പരാതി. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പരാതിക്കാരന്‍ ജോലി ചെയ്യുന്ന സ്ഥലത്തും വീട്ടിലും എത്തുമെന്ന് പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് പരാതിക്കാരന്‍ പൊന്നാനി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊന്നാനി ഇന്‍സ്‌പെക്ടര്‍ എസ്. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിച്ചു. കേസില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page