തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വി.വി.രാജേഷിനെ തെരഞ്ഞെടുത്തു; സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് , കോൺഗ്രസിന്റെ രണ്ടു വോട്ടുകൾ അസാധുവായി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ബിജെപിയിലെ വി.വി.രാജേഷിനെ തെരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി ജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് വോട്ട് ചെയ്തതോടെ രാജേഷിന് 51 വോട്ടു ലഭിച്ചു. കോണ്‍ഗ്രസിന്റെ രണ്ട് വോട്ടുകള്‍ ഒപ്പിട്ടതിലെ പിഴവിനെ തുടര്‍ന്ന് അസാധുവായി. കെ ആര്‍ ക്ലീറ്റസ് (നന്തന്‍കോട്), എസ്. ലതിക (വെങ്ങാനൂര്‍ ) എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. കോണ്‍ഗ്രസ് വിമതനായി പൗണ്ട് കടവില്‍ മത്സരിച്ചു വിജയിച്ച സുധീഷ് കുമാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

വോട്ടെടുപ്പിന് തൊട്ടു മുന്‍പായി, ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേര് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം സിപിഎം കൗണ്‍സിലര്‍ എസ്.പി. ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും കലക്ടര്‍ നിരസിച്ചു.
സത്യപ്രതിജ്ഞ ചെയ്ത 20 പേരെ മാറ്റി നിര്‍ത്തണമെന്ന ആവശ്യമാണ് ദീപക് ഉന്നയിച്ചത്.

സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഇക്കാര്യം ഉന്നയിക്കണമായിരുന്നു എന്നാണ് ഇതിനോട് കലക്ടര്‍ അനുകുമാരി പ്രതികരിച്ചത്. കലക്ടറുടെ വാക്കുകളെ കയ്യടിയോടെയാണ് ബിജെപി അംഗങ്ങള്‍ സ്വീകരിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോറങ്ങളില്‍ ഒപ്പിടുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കലക്ടര്‍ പറഞ്ഞു. എന്നാല്‍ കലക്ടറുടേത് തെറ്റായ നടപടിയാണെന്ന് കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page