ഡിസംബര്‍ 26 ഓര്‍ക്കുന്നില്ലേ ആ ദുരന്തം; രാജ്യം നെഞ്ചിടിപ്പോടെ കണ്ട സുനാമിയുടെ ദുരന്തഓര്‍മ്മകള്‍ക്ക് ഇന്ന് 21 വര്‍ഷം

തിരുവനന്തപുരം: ഇന്ന് ഡിസംബര്‍ 26, ലോകം നെഞ്ചിടിപ്പോടെ കണ്ട സുനാമിയുടെ ഓര്‍മ്മകള്‍ക്ക് 21 വര്‍ഷം.
2004 ഡിസംബര്‍ 26 നാണ് ലോകത്തെ തന്നെ നടുക്കിയ സുനാമി ഉണ്ടായത്. ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും. ഒരുനിമിഷം കൊണ്ട് അതെല്ലാം തകര്‍ന്ന് ദുരന്തത്തില്‍ കലാശിച്ചു.
അപ്രതീക്ഷിതമായി ആഞ്ഞടിച്ച തിരമാലകള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്തു. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി കേരളത്തിലും ആഞ്ഞടിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിലായിരുന്നു ഏറ്റവും കൂടുതല്‍ ദുരന്തം നടന്നത്.

ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ ഭൂകമ്പമാണ് സുനാമിക്ക് കാരണമായത്. 9.1 തീവ്രതയോടെയാണ് അന്ന് ഭൂകമ്പം ഉണ്ടായത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് 800 മൈല്‍ ആഴത്തിലാണ് ഭൂകമ്പം പൊട്ടിപ്പുറപ്പെട്ടത്. സുന്ദ ട്രെഞ്ചിന്റെ ആഴത്തില്‍ ഉണ്ടായ ഭൂകമ്പം ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്ലന്‍ഡ് എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ ആഘാതതരംഗങ്ങള്‍ സൃഷ്ടിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങളിലൊന്നായി മാറുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂകമ്പത്തില്‍ നൂറടിയിലധികം ഉയരത്തിലാണ് തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങിയത്.

ജീവനും സ്വത്തുവകകള്‍ക്കും നാശം വിതച്ചു. 2,27,000ത്തിലധികം പേരുടെ ജീവനാണ് സുനാമി അപഹരിച്ചത്. ഇന്ത്യയില്‍ കേരളത്തിന് പുറമെ കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ദുരന്തം വിതച്ചു. 16,000 ത്തോളം പേര്‍ക്കാണ് രാജ്യത്ത് സുനാമിയില്‍ ജീവന്‍ നഷ്ടമായത്. തമിഴ്നാട്ടില്‍ മാത്രം 7000 ത്തോളം പേരുടെ ജീവന്‍ സുനാമി കവര്‍ന്നു. 236 പേരാണ് കേരളത്തില്‍ മരിച്ചത്. ആലപ്പുഴ, കൊല്ലം ജില്ലകളെ കൂടുതലായി ബാധിച്ച ദുരന്തത്തില്‍ ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ തീരം തിരകളെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നു. കൊല്ലം, ആലപ്പാട്, ശ്രായിക്കാട്, അഴീക്കല്‍, വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുമ്പള്ളി തീരങ്ങളിലാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്.

കൊല്ലം ജില്ലയിലെ ആലപ്പാട് 142 പേരും ആലപ്പുഴയിലെ ആറാട്ടുപുഴ പഞ്ചായത്തില്‍ 29 പേരും സുനാമിത്തിരകളില്‍ മരിച്ചു.
ആയിരത്തിലേറെ വീടുകള്‍ പൂര്‍ണമായും മൂവായിരത്തിലേറെ വീടുകള്‍ ഭാഗികമായും നശിച്ചു. ആള്‍നാശത്തിനു പുറമെ കന്നുകാലികളും വളര്‍ത്തുമൃഗങ്ങളും വീടും ജീവനോപാധികളും തകര്‍ന്നത് മത്സ്യത്തൊഴിലാളി
ഗ്രാമങ്ങളെ പ്രതിസന്ധിയിലാക്കി. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെയും കയര്‍ത്തൊഴിലാളികളുടെയും വീടും ജീവിതസമ്പാദ്യങ്ങളും തിരകള്‍ കൊണ്ടുപോയി. ഉറ്റവരെ നഷ്ടപ്പെട്ട നിരവധി പേരാണ് തീരത്ത് ദുഃഖം പേറി ജീവിക്കുന്നത്.

സുനാമി ബാധിത പ്രദേശങ്ങളിലെല്ലാം ദീര്‍ഘകാല പാരിസ്ഥിതിക നാശം രൂക്ഷമായിരുന്നു. സുനാമി ദുരിതം വിതച്ച തീരങ്ങളെ പൂര്‍വസ്ഥതിയിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അലഞ്ഞുനടക്കുകയായിരുന്നു പലരും.

സുനാമിയുടെ പരിണതഫലങ്ങള്‍ ഭയാനകമായിരുന്നു. അതിജീവിച്ചവര്‍ വീടുകള്‍ വിട്ട് സമീപ ഗ്രാമങ്ങളില്‍ അഭയം തേടി, അവിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥാപിച്ചു. മുഴുവന്‍ ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു, വീടുകള്‍ ഒലിച്ചുപോയി, മത്സ്യബന്ധന ഉപകരണങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോയി.

സര്‍വതും നഷ്ടപ്പെട്ട് പകച്ചുനിന്ന തീരദേശജനതയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എന്‍ജിഒകളും, സന്നദ്ധപ്രവര്‍ത്തകരും ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായങ്ങളുമായെത്തി. ദുരിതാശ്വാസ ഏജന്‍സികള്‍ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ എത്തിച്ചുനല്‍കി.

ഒരു മുന്‍വിധിയും ഇല്ലാതെയാണ് സുനാമി എന്ന മഹാദുരന്തം എത്തി സര്‍വനാശം വിതച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇതിനുമുമ്പും സുനാമി ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര തീവ്രത ഉണ്ടായിരുന്നില്ല. കൃത്യമായ രേഖകളുടെയോ ദുരന്ത തയ്യാറെടുപ്പ് പദ്ധതികളുടെയോ അഭാവമാണ് തീരദേശ സമൂഹങ്ങളെ 2004 ലെ ദുരന്തത്തിന് ഇരയാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page