യാത്രക്കാര്‍ക്ക് ആസ്വദിച്ച് കഴിക്കാം; തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്, മംഗളൂരു ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഇനി സ്വാദിഷ്ടമായ ഭക്ഷണം

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ യാത്രക്കാര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം നല്‍കാന്‍ റെയില്‍വേ നടപടി ആരംഭിച്ചു. ഇതിനുവേണ്ടി തിരുവനന്തപുരത്തു നിന്നും കാസര്‍കോട്, മംഗളൂരു ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനുവില്‍ മാറ്റങ്ങള്‍ വരുത്തി. കാസിനോ എയര്‍ കേറ്ററേഴ്‌സ് ആന്‍ഡ് ഫ്ളൈറ്റ് സര്‍വീസസ് ആണ് ഈ ട്രെയിനുകളില്‍ കാറ്ററിംഗ് നടത്തുന്നത്.

മലയാളികളുടെ തനത് രുചികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഭക്ഷണ മെനുവില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ഇത് നടപ്പിലാക്കാന്‍ ഐ.ആര്‍.സി.ടി.സിയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സി.എ.എഫ്.എസ്.സി.ഇ.ഒ വി.ബി രാജന്‍ അറിയിച്ചു.

ഉച്ചഭക്ഷണ മെനുവില്‍ മലബാര്‍ ദം ബിരിയാണി, തലശ്ശേരി ബിരിയാണി എന്നിവ ഉള്‍പ്പെടുത്തും.
പ്രഭാതഭക്ഷണ മെനുവില്‍ പാലപ്പം, വെജ് കുറുമ, ഇടിയപ്പം മുട്ടക്കറി എന്നിവയും. ലഘുഭക്ഷണങ്ങളായി പഴംപൊരി, പരിപ്പുവട, ഉണ്ണിയപ്പം, നെയ്യപ്പം എന്നിവയും ഉള്‍പ്പെടുത്തും. മധുരപലഹാരങ്ങളില്‍ നിലവിലെ കേസരിക്ക് പുറമെ ഗുലാബ് ജാമുന്‍, മഫിന്‍, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുല്‍ എന്നിവയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. യാത്രയ്ക്കിടെ വസ്ത്രങ്ങളില്‍ കറികള്‍ വീഴുന്നത് ഒഴിവാക്കാനായി ഗ്രേവിയുടെ കട്ടി കൂട്ടാനും തീരുമാനിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page