വെള്ളം ചോദിച്ചെത്തി; 80-കാരിയെ ഊൺമേശയിൽ കെട്ടിയിട്ട് കവർച്ച, പിന്നിൽ വീട്ടമ്മയും സംഘവും, ഒടുവിൽ പിടിയിൽ

ഇടുക്കി: പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചുതെങ്ങ് സ്വദേശി സരോജ (സോണിയ) ആണ് രാജാക്കാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിലായിരുന്നു കവർച്ച നടന്നത്. ടോമിയുടെ അമ്മ മറിയക്കുട്ടി (80) വീട്ടിൽ ഒറ്റയ്ക്കായ സമയം നോക്കിയെത്തിയ മൂന്നംഗ സംഘം കുടിക്കാൻ വെള്ളം ചോദിച്ചാണ് വീടിനുള്ളിൽ കയറിയത്. അകത്തു കടന്ന ഉടൻ സംഘം വയോധികയെ കീഴ്പ്പെടുത്തി ഊൺമേശയിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന മൂന്ന് സ്വർണ്ണ മോതിരങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്ന് അക്രമിസംഘം സ്ഥലം വിട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ കോട്ടയം മണർകാട്ടുള്ള വാടകവീട്ടിൽ നിന്നും സരോജയെ പൊലീസ് പിടികൂടി. ഇവർക്കെതിരെ പാമ്പാടി സ്റ്റേഷനിൽ മാത്രം ഒൻപതോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വാഴൂർ ചാമംപതാൽ സ്വദേശിയായ അൽത്താഫ് എന്നയാളാണ് കൂട്ടുപ്രതികളിൽ ഒരാളെന്ന് സംശയിക്കുന്നതായും സൂചനയുണ്ട്.അറസ്റ്റിലായെങ്കിലും സരോജ ചോദ്യം ചെയ്യലിനോട് കൃത്യമായി സഹകരിക്കാത്തത് മറ്റ് പ്രതികളിലേക്കുള്ള വഴി കണ്ടെത്താൻ പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. അടിമാലി കോടതിയിൽ ഹാജരാക്കിയ സരോജയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page