ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാന്‍ വാര്‍ഡിലെ വീടുകളില്‍ ആപ്പിളുകളുമായി എത്തി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ വാര്‍ഡിലെ വീടുകളില്‍ ആപ്പിളുകളുമായെത്തി. സ്ഥാനാര്‍ത്ഥിയുടെ പ്രതികരണത്തില്‍ വോട്ടര്‍മാര്‍ സന്തോഷം പ്രകടിപ്പിച്ചു. മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നല്ലേങ്ങര ഇബ്രാഹിമാണ് ജയിച്ചപ്പോള്‍ വീടുകളില്‍ ആപ്പിളുകളുമായി എത്തിയത്.

വാര്‍ഡിലെ നാനൂറോളം വീടുകളില്‍ എത്തി വോട്ടര്‍മാരെ കണ്ട് അദ്ദേഹം നന്ദി അറിയിക്കുകയും ഒപ്പം ആപ്പിളുകള്‍ സമ്മാനിക്കുകയും ചെയ്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഇബ്രാഹിം നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിക്കുകയായിരുന്നു. ‘ആപ്പിള്‍’ ചിഹ്നത്തില്‍ ജനവിധി തേടിയ ഇബ്രാഹിം 237 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പാര്‍ട്ടി വിമതനായി മത്സരിച്ചപ്പോള്‍ കൂടെ ഇല്ലാതിരുന്ന പലരും ആപ്പിള്‍ വിതരണത്തില്‍ തനിക്കൊപ്പം കൂടിയതായി ഇബ്രാഹിം പറഞ്ഞു. വോട്ട് അഭ്യര്‍ത്ഥനയുമായി വീടുകളിലെത്തിയപ്പോള്‍ വിജയിച്ചാല്‍ ആപ്പിളുകളുമായി എത്തുമെന്ന് ഇബ്രാഹിം പറഞ്ഞിരുന്നെങ്കിലും അതൊക്കെ വെറും വാഗ്ദാനമാണെന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍, വിജയിച്ചപ്പോള്‍ വാക്ക് പാലിച്ച സന്തോഷത്തിലാണ് വോട്ടര്‍മാര്‍. തെരഞ്ഞെടുപ്പ് വിജയത്തില്‍ പടക്കം പൊട്ടിച്ച് പണം കളയുന്നതിന് പകരം ഇത്തരം ജനോപകാരപ്രദമായ കാര്യം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇബ്രാഹിം പറഞ്ഞു.

ഇബ്രാഹിമിന് മൊബൈല്‍ ഫോണോ ടെലിവിഷനോ പോലുള്ള വിലപിടിപ്പുള്ള ചിഹ്നം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് വിലപിടിപ്പുള്ള സമ്മാനം കിട്ടുമായിരുന്നുവെന്ന് വോട്ടര്‍മാര്‍ തമാശയായി പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page