6 വര്‍ഷത്തെ ദുരൂഹത അവസാനിച്ചു; സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ വിജിലിന്റേത് തന്നെ; ഡിഎന്‍എ പരിശോധനാഫലം പുറത്ത്

കോഴിക്കോട്: ഒടുവില്‍ ആറുവര്‍ഷത്തെ ദുരൂഹത അവസാനിച്ചു. കോഴിക്കോട് തണ്ണീര്‍തട സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 മാര്‍ച്ചിലാണ് വെസ്റ്റ് ഹില്‍ സ്വദേശിയായ വിജിലിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. പിതാവ് വിജയന്റെ പരാതിയില്‍ പൊലീസ് തിരോധാന കേസ് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കോവിഡും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളുമാണ് അതിന് കാരണമായത്.

വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് അന്വേഷണം പുനരാരംഭിച്ചതോടെ വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തുകയായിരുന്നു. സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവരെ ചോദ്യം ചെയ്തതോടെ അമിതമായ ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചതായും പിന്നാലെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടതായും അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരുടെ മൊഴി പ്രകാരം സെപ്റ്റംബറില്‍ സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ അസ്ഥികള്‍ കണ്ടെടുത്തിരുന്നു. ഏഴാം ദിവസം നടത്തിയ തിരച്ചിലില്‍ 7 മീറ്റര്‍ താഴ്ചയില്‍ നിന്നാണ് 58 അസ്ഥികള്‍ കണ്ടെടുത്തത്. തലയോട്ടിയുടെ മുകള്‍ ഭാഗവും ഇടതു കൈയുടെ മുകള്‍ ഭാഗവും വിരലുകളും ഒഴികെ ബാക്കി ശരീരത്തിലെ മുഴുവന്‍ അസ്ഥികളും കണ്ടെത്തിയിരുന്നു.

2019 മാര്‍ച്ച് 24 ന് രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷമാണു വെസ്റ്റ്ഹില്‍ ചുങ്കം വേലത്തിപ്പടിക്കല്‍ വീട്ടില്‍ കെ.ടി.വിജില്‍ സ്വന്തം ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഉച്ചയ്ക്ക് ഊണിന് എത്തുമെന്ന് അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. രാത്രിയായിട്ടും കാണാതായതോടെ ഫോണില്‍ വിളിച്ചു, അപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മകനെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരം ലഭിക്കാതിരുന്നതോടെ 2019 ഏപ്രില്‍ നാലിന് പിതാവ് വിജയന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിജിലിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ സരോവരമായിരുന്നു, ഈ സമയം സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഇതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്നാണ് അന്വേഷണം സുഹൃത്തുക്കളിലേക്ക് നീണ്ടതും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page