ന്യൂഡല്‍ഹി: വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും ഗോദയിലിറങ്ങാന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2028ലെ ലോസാല്‍സ് ഒളിംപിക്‌സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്റെ തിരിച്ചുവരവ്. പാരിസ് ഒളിമ്പിക്‌സ് മെഡല്‍ നഷ്ടത്തിന് പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിച്ച ഫോഗട്ട് കഴിഞ്ഞ വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമത്തിലൂടെയാണ് താന്‍ ഗുസ്തിയില്‍ തുടരുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ യുഎസ്എയില്‍ നടക്കുന്ന ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി മത്സരിക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ചിരിക്കുന്നത്. ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ മത്സരിക്കാനുള്ള തന്റെ ആഗ്രഹത്തിന് പിന്തുണയുമായി മകന്‍ ഒപ്പമുണ്ടാകുമെന്നും വിനേഷ് പോസ്റ്റില്‍ പറഞ്ഞു.
പാരീസ് ഒളിംപിക്‌സിലൂടെ എല്ലാം അവസാനിച്ചോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഒരു തീരുമാനമെടുക്കാന്‍ എനിക്ക് സമയം വേണമായിരുന്നു. കാരണം, എന്നിലുള്ള അമിതപ്രതീക്ഷയും സമ്മര്‍ദ്ദവുമെല്ലാം എനിക്ക് മറികടക്കണമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ മാസങ്ങളില്‍ ശരിക്കൊന്ന് ശ്വാസമെടുക്കാനും വിശ്രമിക്കാനുമാണ് ഞാന്‍ സമയം കണ്ടെത്തിയത്. എന്നാല്‍ ഇത്രയും നാളത്തെ നിശബ്ദതയില്‍ ഈ കായികയിനത്തിനോടുള്ള തന്റെ സ്‌നേഹം താന്‍ തിരിച്ചറിഞ്ഞുവെന്നും നിര്‍ഭയമായ ഹൃദയവും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്നും വിനേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം വനിതാ ഗുസ്തി മത്സരത്തിന്റെ ഫൈനലില്‍ വിനേഷ് എത്തിയിരുന്നു. എന്നാല്‍ യുഎസ്എയുടെ സാറാ ഹില്‍ഡെബ്രാന്‍ഡിനെതിരായ ഫൈനലില്‍ ഭാരം കുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടു. ഭാരം കുറയ്ക്കാനായി വിനേഷ് നടത്തിയ കഠിനമായ പ്രയത്‌നങ്ങള്‍ അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു.
അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ അപ്പീലുമായി വിനേഷ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. മുന്‍ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഇതിനെ ‘ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ദിവസം’ എന്നാണ് വിശേഷിപ്പിച്ചത്.
ഈ ആഘാതത്തിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങിയ വിനേഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജുലാനയില്‍ 6015 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും എം.എല്‍.എ ആകുകയും ചെയ്തു. ഗുസ്തി താരം തന്നെയായ സോംവീര്‍ റാത്തി ആണ് വിനേഷിന്റെ ഭര്‍ത്താവ്. ഈ വര്‍ഷം ജൂലൈയിലാണ് വിനേഷ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.







