കൊച്ചി: മലയാറ്റൂരിലെ 19 കാരി ചിത്രപ്രിയയുടെ മരണം കൊലപാതകം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആണ്‍സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കല്ലു കൊണ്ട് തലക്കടിച്ച് കാലപ്പെടുത്തിയെന്നാണ് അലന്റെ മൊഴി. ബംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ ആണ്‍സുഹൃത്ത് ഉള്ളതായി അലന്‍ സംശയിച്ചു. കൂടാതെ പെണ്‍കുട്ടിയുടെ ഫോണില്‍ മറ്റൊരു ആണ്‍സുഹൃത്തുമായുള്ള ചിത്രങ്ങളും അലന്‍ കണ്ടിരുന്നു. ഇത് പ്രകോപിതനാക്കി. ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയ പെണ്‍കുട്ടിയ അലന്‍ വിളിച്ചു വരുത്തുകയായിരുന്നു. അലന്‍ പെണ്‍കുട്ടിയുമായി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. 21 വയസ്സുകാരനായ അലന്‍ കാലടിയിലെ വെല്‍ഡിങ് തൊഴിലാളിയാണ്. കൊലപാതകം മദ്യ ലഹരിയില്‍ ആയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുന്‍പ് ചിത്രപ്രിയയും അലനും തമ്മില്‍ വഴക്കുണ്ടായിരുന്നു. പിന്നീട് പിടിവലിയുണ്ടായി. മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ അലന്റെ അറസ്റ്റ് രേഖപ്പെടുത്തും. ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ചിത്രപ്രിയ. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപം മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ദിവസം നിരവധി തവണ അലന്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചിരുന്നു. ഇത് മനസിലാക്കിയ പൊലീസ് യുവാവിനെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് സിസിടിവിയില്‍ ദൃശ്യം കണ്ടപ്പോഴാണ് വീണ്ടും യുവാവിനെ വിളിപ്പിച്ചതും സത്യം വെളിച്ചത്തായതും.







