കണ്ണൂര്‍: കണ്ണൂരില്‍ കാണാതായ യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകന്റെ കൂടെ ഒളിച്ചോടിയതായി മാതാവിന്റെ പരാതി. കണ്ണൂര്‍ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ ടി.പി അറുവയെ(29) കാണാനില്ലെന്ന് കാട്ടിയാണ് മാതാവ് ചൊക്ലി പൊലീസില്‍ പരാതി നല്‍കിയത്. പ്രദേശവാസിയായ ബിജെപി പ്രവര്‍ത്തകന്‍ റോഷിത്ത് എന്നയാളുടെ കൂടെ ഒളിച്ചോടിപ്പോയതായുള്ള സംശയവും പരാതിയില്‍ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ആറാം തീയതി രാവിലെ മുതലാണ് മകള്‍ അറുവയെ കാണാതായതെന്നും മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ചൊക്ലി പൊലീസ് വ്യക്തമാക്കി.
പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാര്‍ഥിയെ പെട്ടെന്ന് ഒരു ദിവസം കാണാതായതോടെ സിപിഎമ്മിനെതിരെ ആരോപണവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവം വലിയ രാഷ്ട്രീയ വിവാദമാവുകയും ചെയ്തു. ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡിലെ വോട്ട് ഭിന്നിപ്പിക്കുന്നതിന് സിപിഎം നടത്തുന്ന നാടകമാണിതെന്നും സ്ഥാനാര്‍ഥിയെ അവര്‍ ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി.ജി. അരുണ്‍, കണ്‍വീനര്‍ പി.കെ. യൂസഫ് എന്നിവര്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ‘കോളുകള്‍ സ്വീകരിക്കുന്നില്ല’ എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
എന്നാല്‍ വിഷയത്തില്‍ ഇടതുമുന്നണിക്ക് പങ്കില്ലെന്ന് സിപിഎം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് വിവാദമുയര്‍ത്തുന്നത് ശരിയല്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടി ഒളിപ്പിച്ചെന്ന് കരുതുന്നുണ്ടെങ്കില്‍ അതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കണമെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി ടി. ജയേഷ് പ്രതികരിച്ചിരുന്നു.
അതിനിടെയാണ് സ്ഥാനാര്‍ത്ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയതാണെന്ന സംശയം പ്രകടിപ്പിച്ച് പരാതിയുമായി മാതാവ് പൊലീസിനെ സമീപിക്കുന്നത്.







