ന്യൂഡല്‍ഹി: ചമ്പയില്‍ വിവാഹാഘോഷത്തിനിടെ ഒരു മണ്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ചുര സബ്ഡിവിഷന് കീഴിലുള്ള ജംഗ്ര പഞ്ചായത്തിലെ ഷാഹ്വ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 28 പേര്‍ക്ക് പരിക്കേറ്റതായും അവരില്‍ 20 സ്ത്രീകളും രണ്ട് പുരുഷന്മാരും ആറ് കുട്ടികളും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ രണ്ട് സ്ത്രീകളുടേയും ഒരു കുട്ടിയുടേയും നില ഗുരുതരമാണെന്നും അവരെ ചമ്പയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്.
മേല്‍ക്കൂരയില്‍ ഇരുന്ന അതിഥികളുടെ അമിതഭാരം കാരണം കെട്ടിടം മറിഞ്ഞുവീണതാണെന്നാണ് റിപ്പോര്‍ട്ട്. സംഭവ സമയത്ത് പരമ്പരാഗത ഗാനവും നൃത്തവും നടക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് പരിഭ്രാന്തി പരത്തി. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു, പരിക്കേറ്റവരെ സ്വകാര്യ വാഹനങ്ങളില്‍ ടിസ്സയിലെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരം ലഭിച്ചയുടന്‍ തന്നെ ഒരു അഡ്മിനിസ്‌ട്രേറ്റീവ് സംഘം സ്ഥലത്തെത്തുകയും സ്ഥിതി ഗതികള്‍ വിലയിരുത്തുകയും ചെയ്തു.







