ഹോട്ടൽമുറിയിൽ ലൈംഗികാതിക്രമം; സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസ്, പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഹോട്ടല്‍ മുറിയില്‍ വെച്ച് കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. സിപിഎം സഹയാത്രികനും മുന്‍ ഇടത് എംഎല്‍എയുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്. ഒരുമാസംമുമ്പാണ് സംഭവമുണ്ടായത്. കഴിഞ്ഞദിവസം ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറി. തുടര്‍ന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പരാതിയില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് പൊലീസിനോടും ചലച്ചിത്ര പ്രവര്‍ത്തക വ്യക്തമാക്കിയത്.ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാള സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് പി.ടി. കുഞ്ഞുമുഹമ്മദ്. സമിതി അംഗമാണ് പരാതിക്കാരി. തിരുവനന്തപുരത്താണ് സിനിമകളുടെ സ്‌ക്രീനിങ് നടന്നത്. നഗരമധ്യത്തിലെ ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമത്തിനെതിരെ യുവതി ശക്തമായി പ്രതികരിച്ചശേഷം ഹോട്ടൽമുറിയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പൊലീസ്ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പി.ടി. കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 75 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ്. പരാതിക്കാരിയുടെ മൊഴി വിശദമായി എടുക്കാനാണ് തീരുമാനം. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പു പറയാൻ തയ്യാറാണെന്നും തനിക്കെതിരെ മുൻപൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page