രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍പ്പോയിട്ട് ഇന്ന് പതിനൊന്നാം ദിനം; വിവരങ്ങള്‍ ചോരുന്നതിനാല്‍ തിരയാന്‍ പുതിയ അന്വേഷണസംഘം, രണ്ടാമത്തെ കേസില്‍ അറസ്റ്റിന് നീക്കം

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിലെ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ രണ്ടാമത്തെ കേസില്‍ രാഹുലിലെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചു. കേരളത്തിലും ദക്ഷിണ കര്‍ണാടകയിലുമാണ് തെരച്ചില്‍ നടത്തുന്നത്. രാഹുലിനെതിരെയുള്ള രണ്ടാമത്തെ കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടയാത്ത സാഹചര്യത്തിലാണ് നടപടി. കേസിലെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണസംഘം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. എംഎല്‍എ ഒളിവില്‍പ്പോയിട്ട് ഇന്ന് പതിനൊന്നാം ദിനം ആണ്. ദക്ഷിണ കര്‍ണാടകത്തിലെ ഒളിയിടത്തിലുണ്ടെന്നാണ് എസ്‌ഐടിക്ക് ലഭിച്ച വിവരം. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളാലും വരവ് മുന്‍കൂട്ടിയറിയാന്‍ രാഹുലിന് കഴിയുമെന്നതിനാലും അറസ്റ്റ് വൈകുന്നൂവെന്നാണ് സൂചന. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ അഭയമാണ് രാഹുലിന് ഒളിവില്‍ കഴിയാന്‍ സഹായകമാകുന്നത്.
ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കാര്യമായൊന്നും കണ്ടെത്താനായില്ല. ഓണായ ഫോണ്‍ രാഹുലിന്റെ പക്കലില്ലെന്നാണ് എസ്‌ഐടിയുടെ നിഗമനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം തിങ്കളാഴ്ച നടക്കും. കേസിലെ പൊലീസ് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും. ബെംഗളൂരുവിലുള്ള അതിജീവിതയില്‍നിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ അവിടെയുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അതിജീവിതയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. രാഹുലിന് ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page