സുപ്രീം കോടതി നിര്‍ദേശം തുണയായി; ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗര്‍ഭിണിയെയും 8 വയസുളള മകനെയും തിരികെ എത്തിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്.
ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ബംഗാളിലെ മാള്‍ഡയില്‍ വെള്ളിയാഴ്ച ജില്ലാ ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒമ്പത് മാസം ഗര്‍ഭിണിയായ സുനാലി ഖാത്തൂണും മകനും ഇന്ത്യയിലേക്കു തിരികെ പ്രവേശിച്ചത്. ജൂണ്‍ 27 നായിരുന്നു അനധികൃതമായി രാജ്യത്ത് കടന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് സുനാലിയും മകനും ഭര്‍ത്താവും ഉള്‍പ്പെടെ 6 പേരെ അറസ്റ്റ് ചെയ്ത ശേഷം ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്.
പിന്നാലെ സുനാലിയുടെ പിതാവ് ഭോഡു ഷെയ്ഖ്, ബംഗ്ലാദേശിലേക്ക് അയച്ച മറ്റൊരു കുടുംബത്തോടൊപ്പം കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. അതിര്‍ത്തി കടന്ന് പുറത്താക്കപ്പെട്ട സുനാലിയെയും ബംഗാളില്‍ നിന്നുള്ള മറ്റ് അഞ്ച് കുടിയേറ്റ തൊഴിലാളികളെയും തിരികെ കൊണ്ടുവരാന്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. സെപ്റ്റംബറില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്തു. എന്നാല്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സുനാലിയെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
സുനാലിയുടെ പിതാവ് ഭോദു ഷെയ്ക്കിന്റെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാല്‍, പൗരത്വ നിയമപ്രകാരം സുനാലിയും കുട്ടികളും ഇന്ത്യന്‍ പൗരന്മാരായിരിക്കുമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞിരുന്നു. സുനാലി ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി, കോടതി അടിയന്തര വൈദ്യപരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചു. സുനാലിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, അവളുടെ പിതാവ് താമസിക്കുന്ന ബിര്‍ഭും ജില്ലയില്‍ താല്‍ക്കാലികമായി താമസിക്കാന്‍ അനുവദിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു.
സുനാലിയെ മാതാപിതാക്കള്‍ക്ക് പരിപാലിക്കാമെന്ന് പറഞ്ഞ കോടതി, എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കാന്‍ ബിര്‍ഭുമിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേസ് ഡിസംബര്‍ 12 ന് അടുത്തതായി പരിഗണിക്കും.
നാട് കടത്തപ്പെട്ട് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സുനാലി തിരികെ ഇന്ത്യയില്‍ എത്തിയത്. നിലവില്‍ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാകും സുനാലി വീട്ടിലേക്ക് മടങ്ങുക. നേരത്തെ മാള്‍ഡയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ അമീര്‍ എസ് കെയും കോടതി നിര്‍ദ്ദേശപ്രകാരം തിരികെ ഇന്ത്യയില്‍ എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page