റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സംശയിക്കുന്നു. വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം കണ്ടത്. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പാളത്തിന്റെ നടു ഭാഗത്താണ് ആട്ടുകല്ലുണ്ടായിരുന്നത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. പാളത്തിന്റെ സമീപത്താണ് ആട്ടുകല്ല് വെച്ചിരുന്നതെങ്കില്‍ വലിയ ദുരന്തത്തിന് കാരണമായേനെയെന്ന് അധികൃതര്‍ പറയുന്നു. സപീപത്ത് തന്നെ ഒരു നായയും ട്രെയിനിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. ജഡം ചിന്നിചിതറിയ നിലയിലായിരുന്നു. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. രാത്രിയില്‍ ആരോ പ്രദേശത്തേക്ക് ജീപ്പില്‍ വന്നിരുന്നെന്നും റോഡിലൂടെ എന്തോ വലിച്ചുകൊണ്ടുപോകുന്ന ശബ്ദം കേട്ടിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ട്രെയിന്‍ അട്ടിമറി ശ്രമം അധികൃതര്‍ സംശയിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page