എത്ര കള്ളപ്രചാരണങ്ങള്‍ കൊണ്ടു മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും; സഹോദരിമാര്‍ക്ക് നീതി കിട്ടുന്നതില്‍ ചാരിതാര്‍ഥ്യമെന്നും റിനി ആന്‍ ജോര്‍ജ്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒടുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നടപടി എടുത്തതില്‍ പ്രതികരണവുമായി നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. എത്ര കള്ളപ്രചാരണങ്ങള്‍ കൊണ്ടു മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും എന്നതിന്റെ ചെറിയ തുടക്കമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലെ പുതിയ സംഭവവികാസങ്ങളെന്നായിരുന്നു നടിയുടെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യപ്രതികരണം നടത്തിയത് റിനിയാണ്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചതിന്റെ പേരില്‍ റിനി വ്യാപക സൈബര്‍ ആക്രമണം നേരിട്ടിരുന്നു. വസ്ത്രധാരണത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പു നടന്ന ഈ സംഭവത്തിനു പിന്നാലെ മറ്റ് യുവതികളും മാങ്കൂട്ടത്തിലിനെതിരെ രംഗത്തു വരികയായിരുന്നു. എന്നാല്‍ ആരും തന്നെ ഇതുസംബന്ധിച്ച് പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് അടുത്തിടെയാണ് അതിജീവിത പരാതിയുമായെത്തുന്നതും പൊലീസ് കേസെടുക്കുന്നതും.

‘സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്. അതിജീവിതമാര്‍ നേരിട്ടിട്ടുള്ള ക്രൂരപീഡനത്തിന് അവര്‍ക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിത്. അവരുടെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. ഇനിയും അതിജീവിതമാരുണ്ട്, അവരും തങ്ങളുടെ നീതി കണ്ടെത്തണം’ എന്ന് റിനി പറഞ്ഞു.

രാഹുലിനെ പുറത്താക്കിയതില്‍ റിനി കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി പറഞ്ഞു. ‘ഇപ്പോഴാണെങ്കിലും സ്ത്രീപക്ഷ നടപടി സ്വീകരിച്ചതില്‍ പാര്‍ട്ടിയോടും പാര്‍ട്ടി നേതൃത്വത്തോടും എല്ലാ നന്ദിയും അറിയിക്കുന്നു. ഒരുപാട് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു, ഇതൊക്കെ കെട്ടിച്ചമച്ചതാണ് എന്നായിരുന്നു പ്രചരണം. എന്നാല്‍ അങ്ങനെയല്ല എന്ന് ഇപ്പോള്‍ കോടതി തന്നെ ആദ്യ സൂചന നല്‍കിയിരിക്കുകയാണ്’ എന്നും രാഹുലിന് ജാമ്യം നിഷേധിച്ച കോടതി നടപടി ചൂണ്ടിക്കാട്ടി റിനി പറഞ്ഞു.

ഏറെ വിഷമത്തോടെ താന്‍ പറഞ്ഞ കാര്യത്തിന്റെ പേരില്‍ ഒരുപാട് അനുഭവിക്കേണ്ടി വന്നുവെന്നും റിനി വ്യക്തമാക്കി. ‘അത്രയും വിഷമമുണ്ട്. എന്റെ സഹോദരിമാര്‍ക്ക് നീതി കിട്ടുന്നതില്‍ ഒരു നിമിത്തമായി എന്നതില്‍ ആനന്ദവും ചാരിതാര്‍ഥ്യവുമുണ്ട്’ എന്നും റിനി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page