കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കി; എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിക്കുന്ന രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് വിവരം ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം.

ഡിഐജി അജിതാ ബീഗം ആണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. ബാറില്‍ അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട പ്രതികളെ ബെംഗളൂരുവിലെത്തി പിടികൂടിയിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിക്കുമ്പോള്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ടു പകര്‍പ്പുകളാണ് സമര്‍പ്പിക്കുക. കോടതി നടപടികള്‍ക്കുശേഷമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് കൈമാറുക.

എന്നാല്‍, കോടതിയിലെത്തിച്ചപ്പോള്‍ തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലൊന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോടതി നടപടിക്ക് മുന്‍പ് തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകന് എഎസ്‌ഐ ബിനുകുമാര്‍ കൈമാറിയ വിവരം വ്യക്തമായി. പ്രതികളുടെ അഭിഭാഷകന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയാണ് വിവരം ചോര്‍ത്തി നല്‍കിയിരുന്നതെന്നും കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ എ.എസ്.ഐയെ ആദ്യഘട്ടത്തില്‍ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതല്‍ നടപടിക്കായി കോന്നി ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതിനുശേഷമായിരിക്കും തുടര്‍ നടപടിയുണ്ടാകുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page