മൂന്നാംകടവില്‍ വീണ്ടും വാഹനാപകടം; പിക്കപ്പ് ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: പെരിയ-കുണ്ടംകുഴി റോഡിലെ മൂന്നാം കടവില്‍ വീണ്ടും വാഹനാപകടം. അഞ്ചു ദിവസത്തിനുള്ളില്‍ ഒരേ സ്ഥലത്ത് നടന്ന രണ്ടാമത്തെ അപകടമാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലരമണിയോടെ ഉണ്ടായത്. മൂന്നാം കടവ് പാലം കഴിഞ്ഞുള്ള കയറ്റവും വളവും ചേര്‍ന്ന ഭാഗത്താണ് പിക്കപ്പ് മറിഞ്ഞത്. സുള്ള്യയില്‍ നിന്നു പച്ചക്കറികളും കയറ്റി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു പിക്കപ്പ്. കയറ്റത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റി പിന്നോട്ട് നീങ്ങി പിക്കപ്പ് റോഡരുകിലെ കള്‍വള്‍ട്ടിനു സമീപത്തേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളുടെ സഹായത്തോടെയാണ് ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്തിയത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏതാനും ദിവസം മുമ്പ് മറ്റൊരു പിക്കപ്പും സമാന രീതിയില്‍ ഇതേ സ്ഥലത്ത് അപകടത്തില്‍പ്പെട്ടിരുന്നു. 11 മാസത്തിനുള്ളില്‍ നിരവധി വാഹനങ്ങളാണ് മൂന്നാംകടവ് കയറ്റത്തില്‍ അപകടത്തില്‍പ്പെട്ടത്. പെട്ടെന്നുള്ള വളവും കുത്തനെയുള്ള കയറ്റവുമാണ് സ്ഥലത്ത് സ്ഥിരം അപകടത്തിനു ഇടയാക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണുന്നതിനു നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page