മാടായിക്കാവില്‍ വഴിപാടിന്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്തു; ജീവനക്കാരന് സസ്‌പെന്‍ഷന്‍

പയ്യന്നൂര്‍: മാടായിക്കാവില്‍ വഴിപാടിന്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്ത ജീവനക്കാരന് സസ്‌പെന്‍ഷന്‍. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) മാടായി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എ.വി. അനീഷ് എന്ന മണി(45) ആണ് കാവില്‍ തട്ടിപ്പ് നടത്തിയത്. കാവിലെ കൗണ്ടര്‍ ണ്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് ഇയാള്‍. തിങ്കളാഴ്ച ക്ഷേത്രദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശിക്ക് നല്‍കിയ വഴിപാട് രശീതിയുടെ വ്യാജപ്പകര്‍പ്പ് മറ്റൊരാള്‍ക്ക് രശീതിയായി നല്‍കി പണം കീശയിലാക്കുകയായിരുന്നു. കര്‍ണാടക സ്വദേശിക്ക് നല്‍കിയ രശീതിയുടെ പകര്‍പ്പെടുക്കുകയും പേര് വൈറ്റ്‌നര്‍ ഉപ യോഗിച്ച് മായ്ക്കുകയും ചെയ്ത ശേഷമായിരുന്നു തട്ടിപ്പ്. സംശയം തോന്നിയ പൂജാരി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തുകയായിരുന്നു. 300 രൂപയുടെ നാല് വ്യാജരശീതിയാണ് കണ്ടെത്തിയത്. വാദ്യകലാകാരനായ അനീഷിന് അടുത്ത കാലത്താണ് കൗണ്ടര്‍ ഡ്യൂട്ടിയില്‍ സ്ഥാനക്കയറ്റം ലഭിച്ചത്. ഈ തട്ടിപ്പ് നടത്തുന്നത് എത്രകാലമായെന്ന് കൂടുതല്‍ അന്വേഷണത്തില്‍ കൂടി മാത്രമെ അറിയാനാകൂ എന്ന് അധികൃതര്‍ പറഞ്ഞു. ക്ഷേത്രപാലകന് ചാര്‍ത്തിയ സ്വര്‍ണമാല കാണാതായ സംഭവം ഇവിടെയുണ്ടായിട്ടണ്ട്. ഈ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ സസ്‌പെന്‍ഷനിലാണ്. ഭണ്ഡാരത്തിലെ തുക എണ്ണിത്തിട്ടപ്പെടുത്തുന്ന വേളയില്‍ പണം കവരാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഒരാള്‍ ശിക്ഷാനടപടിക്ക് വിധേയനായതും സമീപകാലത്താണ്.സംസ്ഥാനത്തുനിന്നും കര്‍ണാടകയില്‍ നിന്നും നൂറുകണത്തിന് ഭക്തര്‍ ഇവിടെ സ്ഥിരം എത്തുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page