‘ഇരകളെ നേരില്‍ കണ്ട് വിഷയം അന്വേഷിക്കണം’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ എഐസിസിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍. മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെസി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. രാഹുലിനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാണ് സജനയുടെ ആവശ്യം. വനിതാ നേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളെ നേരില്‍ കണ്ട് വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം എന്നാണ് സജനയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളില്‍ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്ന സംശയം ജനങ്ങളില്‍ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്. കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നും പാര്‍ട്ടയില്‍ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കണമെന്നും ആവശ്യപ്പെട്ട് സജന ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതിനിടെയാണ് വനിതാ നേതാവ് തന്നെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. രാഹുലിനെ പിന്തുണച്ച് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ കെ സുധാകരനെ തള്ളി കെ മുരളീധരനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാഹുല്‍ സസ്പെന്‍ഷനിലാണെന്നും, പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page