ശ്രീകണ്ഠപുരം: പഴകിയഭക്ഷണം വിറ്റതിനെത്തുടര്‍ന്ന് കോട്ടൂരില്‍ ഹോട്ടല്‍ അടപ്പിച്ചു. തക്കാരം ഹോട്ടലാണ് ഭക്ഷ്യവകുപ്പ് വിഭാഗം അടച്ച് പൂട്ടിച്ചത്. വയനാട്ടില്‍ നിന്നെത്തിയ ഒരു സംഘം വെള്ളിയാഴ്ച വൈകുന്നേരം ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഇവര്‍ കാട ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഇക്കാര്യം ഹോട്ടലുടമയോട് പറഞ്ഞെങ്കിലും അത് ഭക്ഷണത്തിന്റെ കുഴപ്പമല്ല കഴിക്കുന്നയാളുടെ പ്രശ്നമാണെന്നായിരുന്നു മറുപടി. ഇതേച്ചൊല്ലി ഭക്ഷണം കഴിക്കാനെത്തിയവരും ഹോട്ടലുകാരും തമ്മില്‍ വാക്കേറ്റം നടന്നു. അതിനിടയില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ പ്രദേശത്തുള്ളവരെ വിളിച്ചുവരുത്തി ഭക്ഷണം കാണിച്ചുകൊടുത്തു. തുടര്‍ന്ന് ശ്രീകണ്ഠപുരം നഗരസഭ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹനന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയവരോടും ഹോട്ടലുടമ തട്ടിക്കയറിയത്രെ. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വിഭാഗത്തെയും വിവരമറിയിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ രാത്രിയോടെ സ്ഥലത്തെത്തി ഭക്ഷണസാധനങ്ങള്‍ കസ്റ്റഡിയിലെടുത്തു. പരിശോധനാഫലം വരുന്നതുവരെ ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു.







