കാസര്‍കോട്: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപത്ത് തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതയ്ക്കു നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയില്‍ പൊലീസ് വ്യപക പരിശോധന തുടങ്ങി.
കേരള- കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനങ്ങളെ ജില്ലയിലേയ്ക്ക് കടത്തിവിടുന്നുള്ളൂ. ജാഗ്രതയുടെ ഭാഗമായി റെയില്‍വെ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസും റെയില്‍വെ പൊലീസും പരിശോധന തുടരുന്നു. പൊലീസ് നായയുടെയും ബോംബ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് പരിശോധന. തന്ത്രപ്രധാന സ്ഥാപനങ്ങളും പ്രദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജാഗ്രത തുടരാനാണ് നിര്‍ദ്ദേശം.








