കാസര്‍കോട്: കുമ്പള ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ വാഹനങ്ങളില്‍ നിന്ന് യൂസര്‍ ഫീ പിരിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി രംഗത്ത്. കേന്ദ്ര അനുമതി ഇല്ലാതെയുള്ള പിരിവ് അനുവദിക്കില്ലെന്നും നാളെ യൂസര്‍ഫീ വാങ്ങുന്നത് തടയുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരിക്കാടി കെപി റിസോര്‍ട്ടില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ബുധനാഴ്ച രാവിലെ 8 മണിമുതല്‍ യൂസഫീ പിരിക്കുമെന്ന് അധികൃതര്‍ പത്ര പരസ്യത്തില്‍ അറിയിച്ചിരുന്നു. സമരസമിതിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ദേശീയപാതാ അതറിറ്റിയുടെ ഈ നീക്കം. യൂസര്‍ഫീ പിരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് ചീഫിനും അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വക്കീലുമായി ബന്ധപ്പെട്ടപ്പോള്‍ പിരിക്കാനുള്ള കേന്ദ്രഅനുമതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ആക്ഷന്‍ കമ്മിറ്റി ബുധനാഴ്ച ടോള്‍ പിരിക്കുന്നത് തടയാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ എകെഎം അഷ്‌റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. എ കെ ആരിഫ്, ലക്ഷമണ പ്രഭു, ഫാറൂഖ് ഷിറിയ, ഖാലിദ് ബംമ്പ്രാണ, സത്താര്‍ ആരിക്കാടി, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അലി, അസീസ് കളത്തൂര്‍, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, യുസഫ് ഉളുവാര്‍, മൊയ്ദീന്‍ അസീസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.







