ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകാന്‍

നാരായണന്‍ പേരിയ

മാതൃഭാഷയില്‍പ്പോലും എഴുതാനും വായിക്കാനും അറിയണമെന്നില്ല, ജനാധിപത്യ ഭാരതത്തില്‍ ഭരണം കൈയാളാന്‍. പ്രതിപക്ഷത്തിരിക്കാനും എഴുത്തും വായനയും അറിയണമെന്നില്ല. പൊതുഖജനാവില്‍ നിന്നു ശമ്പളവും അലവന്‍സുകളും, യാത്രപ്പടിയടക്കം കിട്ടും- കുടിശ്ശികയില്ലാതെ ആര്‍ക്കും നിശ്ചിത നിര്‍ബന്ധിത യോഗ്യതയില്ലല്ലോ. അപ്പോള്‍ എന്തും ആകാം.
ഇപ്രകാരമുള്ള ആക്ഷേപവും വിമര്‍ശനവും ഒഴിവാക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. യോഗ്യത തെളിയിക്കാനുതകുന്ന പരീക്ഷ പാസ്സായി എന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നാലു കൊല്ലമായി ഭരിക്കുന്നവരുടെ യോഗ്യതാ പരീക്ഷ നടത്തി. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രഷനും (കില) ചേര്‍ന്ന് തയ്യാറാക്കിയ പാഠ്യപദ്ധതിയനുസരിച്ചായിരുന്നു പഠനവും പരീക്ഷയും. അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിര്‍വഹണവും എന്നതായിരുന്നു വിഷയം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് കഴിഞ്ഞ് പരീക്ഷ. 328 ജനപ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പരീക്ഷ എഴുതിയത് എഴുപത്തൊമ്പത് പേര്‍ മാത്രം. അതില്‍ അമ്പത് പേര്‍ ജയിച്ചു. 70.42 ശതമാനം ജനപ്രതിനിധികള്‍.
എഴുപതരശതമാനത്തിനടുത്ത് വിജയം എന്ന് കേള്‍ക്കുമ്പോള്‍ തരക്കേടില്ലാത്ത വിജയം എന്ന് തോന്നും. എന്നാല്‍, പരീക്ഷ എഴുതിയത് എഴുപത്തൊമ്പത് പേരായിരുന്നു. അവരിലാണ് അമ്പത് പേര്‍ ജയിച്ചത്.
നമ്മുടെ സംസ്ഥാനത്ത് വിദ്യാഭ്യാസ യോഗ്യതയുള്ള ജനപ്രതിനിധികള്‍ വെറും അമ്പത് പേര്‍! മൂന്ന് വിഭാഗം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആകെ 21,854 അംഗങ്ങളാണുള്ളത്-(1200 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങില്‍ ഭരണം കൈയാളാന്‍) ജില്ലാ പഞ്ചായത്തംഗങ്ങള്‍- 331. ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍-2078. നഗരസഭാംഗങ്ങള്‍-3075. കോര്‍പ്പറേഷനുകളില്‍ 414 അംഗങ്ങള്‍. ഗ്രാമപഞ്ചായത്തംഗങ്ങള്‍-15,956.
ജനപ്രതിനിധികള്‍ എന്ന് അവകാശപ്പെടുന്ന ഇത്രയും പേരുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത് 329 പേര്‍ മാത്രം. പരീക്ഷയെഴുതാതെ 250 പേര്‍ പിന്മാറി.
കാസര്‍കോട് ജില്ലയില്‍ നിന്ന് ആറ് പേരാണ് പരീക്ഷയെഴുതിയത്. ജയിച്ചത് ഒരാള്‍ മാത്രം. യോഗ്യത നേടിയ ആ അംഗത്തിന്റെ പേര് വിവരം ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. പേര് വെളിപ്പെടുത്താതെ രഹസ്യമായിവെയ്ക്കാന്‍ പോക്‌സോ കേസ് ഇരയൊന്നുമല്ലല്ലോ. അഭിമാനാര്‍ഹമായ പരീക്ഷാ വിജയം നേടിയ വ്യക്തിയല്ലേ!
അധികാരവികേന്ദ്രീകരണവും പ്രാദേശിക ഭരണ നിര്‍വ്വഹണവും എന്ന വിഷയം സംബന്ധിച്ചായിരുന്നു പഠനം. മൂന്ന് തിയറി പേപ്പറുകളും, അസൈന്‍മെന്റും, ഒരു പ്രൊജക്ട് റിപ്പോര്‍ട്ടും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭരിക്കാന്‍ അനുപേക്ഷണീയമായ വിവരങ്ങള്‍ അടങ്ങിയ പാഠ്യപദ്ധതി തന്നെ. സര്‍വ്വകലാശാലയിലെയും കിലയിലെയും വിദഗ്ദ്ധന്മാര്‍ തയ്യാറാക്കിയത്. പരിശീലിപ്പിച്ചതും. ഇതില്‍ പരിമിതമായ അടിസ്ഥാന വിവരങ്ങള്‍ പോലുമില്ലാത്തവര്‍ ഭരണം നടത്തുക! ആരാണ് ലജ്ജിക്കേണ്ടത് അവരോ, അവരെ ആ സ്ഥാനത്തെത്തിച്ചവരോ?
സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലും അംഗങ്ങളായിരിക്കുന്നവരുടെ യോഗ്യതയും അര്‍ഹതയും കണ്ടെത്താനായി പരീക്ഷ നടത്തിയാല്‍ കിട്ടുന്ന ഫലവും സമാനമായിരിക്കില്ലേ?
പരീക്ഷ നടത്തിയാലല്ലേ ഇത് സംഭവിക്കുക? അതിന് ഒരുങ്ങുന്നുണ്ടെന്ന് കേട്ടാല്‍ അടുത്ത നിമിഷം ഓടും കോടതികളിലേയ്ക്ക്- തങ്ങളുടെ അവകാശം നിഷേധിക്കാനൊരുങ്ങുന്നു എന്ന് പറഞ്ഞ്. കോടതി ഇടങ്കോലിട്ടില്ലെങ്കിലും, ഇടക്കാല നടപടി എന്ന നിലയില്‍ ഇതിന്റെ നിയമസാധുത, കോടതി മുമ്പാകെ ബോധ്യപ്പെടുത്തേണ്ടതാണെന്ന് ആവശ്യപ്പെട്ടേയ്ക്കാം!
ഒരു മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത, വിവരാവകാശപ്രകാരം വെളിപ്പെടുത്തണം എന്ന് നിയമബോധമുള്ള ഒരു പൗരന്‍ ആവശ്യപ്പെട്ടാലോ? പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും! ബഹു. മന്ത്രിയുടെ സ്വകാര്യതയില്‍ കൈകടത്താന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച്, വാദിയെ പ്രതിയാക്കും!
സങ്കല്‍പ്പിച്ച് പറയുകയല്ല. മാതൃഭാഷയില്‍ സ്വന്തം പേര് പോലും തെറ്റുകൂടാതെ എഴുതാനറിഞ്ഞുകൂടാത്ത ഒരു സംസ്ഥാന മുഖ്യമന്ത്രിയുണ്ടായിരുന്നു. ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ കുംഭകോണക്കേസില്‍ കുടുങ്ങി. നിരപരാധിത്വം തെളിയിക്കാതെ മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ പാടില്ല എന്ന് കോടതി ഉത്തരവിട്ടു. ലാലു രാജിവച്ചു. തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരാളെ- സഹധര്‍മ്മിണി റാബ്രി- ദേവിയെ മുഖ്യമന്ത്രിയാക്കി അവരോധിച്ചു. പേരിനൊരു മുഖ്യമന്ത്രി. ഭരണം നടത്തിയത് ലാലുജി തന്നെ!
നമ്മുടെ തിരഞ്ഞെടുപ്പ് നിയമം ഉടനെ ഭേദഗതി ചെയ്യണം. പൗരാവകാശങ്ങളും കടമകളും സംബന്ധിച്ച പരീക്ഷ പാസ്സായിട്ടുണ്ട് സ്ഥാനാര്‍ത്ഥി എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ് എന്ന് അനുശാസിക്കുന്ന നിയമഭേദഗതി ഉണ്ടാവണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page