മുഖ്യമന്ത്രി അറിയാൻ:വിശിഷ്ടാംഗനെന്നു പറഞ്ഞിട്ടു് എന്തു കാര്യം?; വീട്ടിലേക്കുള്ള റോഡ് ആണുങ്ങൾ മതിൽ കെട്ടി കൈവശപ്പെടുത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു;പരാതികൾ പഞ്ചായത്തിലും വില്ലേജിലും ചുവപ്പു നാടയിൽ കെട്ടിമുറുക്കി വച്ചിരിക്കുന്നു

കുമ്പള : വിശിഷ്ടാംഗനെന്നു തന്നെപ്പോലുള്ളവരെ സർക്കാർ ആദരവോടെ വിളിക്കുമ്പോൾ അയൽക്കാർ തൻ്റെ വീട്ടിലേക്കുള്ള റോഡ് മതിൽ കെട്ടി കൈവശപ്പെടുത്തിയിരിക്കുന്നുവെന്നു കുമ്പള കോയിപ്പാടി കണ്ടങ്കേരടുക്ക ഹിസിലെ രാമവെളിച്ചപ്പാടിൻ്റെ മകൻ 63 കാരനായ മാധവ എം. കെ. മുഖ്യമന്ത്രിയോടും ആർ.ഡി ഒ യോടും പരാതിപ്പെട്ടു. ജന്മനാ 50 ശതമാനം സഞ്ചാര ശേഷി നഷ്ടപ്പെട്ട തനിക്കു മൂന്നുവർഷം മുമ്പു പഞ്ചായത്തു മുച്ചക്ര വാഹനം നൽകിയിരുന്നു. വീട്ടിനു പുറത്തുപോകാൻ അതു വലിയ സഹായവുമായിരുന്നു. ഈ സഹായത്തിൻ്റെ ഗുണം അനുഭവിച്ചു കൊണ്ടിരിക്കെ ദീർഘകാലമായി താൻ ഉപയോഗിച്ചു കൊണ്ടിരുന്ന റോഡ് നടക്കാനുള്ള സ്ഥലം ഒഴിച്ചു ബാക്കിയെല്ലാം അയൽക്കാർ മതിൽ കെട്ടി കൈവശപ്പെടുത്തി. ഇതു മൂലം തൻ്റെ മുച്ചക്ര വാഹനത്തിൻ്റെ പൊറുതി പൊതു റോഡിലായി. വാഹനത്തിനടുത്തു പോകാനോ അവിടെ നിന്നു തിരിച്ചു വീട്ടിലെത്താനോ ആരുടെയെങ്കിലും സഹായം വേണമെന്ന അവസ്ഥയിലാണ് താനെന്നു മുഖ്യമന്ത്രിക്കും ആർ ഡി. ഒക്കും നൽകിയ പരാതിയിൽ മാധവ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കേണ്ടെന്നു കരുതിയിരുന്നതാണ്. അതുകൊണ്ടു വില്ലേജിലും പഞ്ചായത്ത് ഓഫീസിലും മൂന്നു വർഷം മുമ്പുപരാതി കൊടുത്തു. അവരതു ചുവപ്പുനാടയിൽ മുറുക്കിക്കെട്ടി വച്ചിരിക്കുകയാണെന്നു പറയുന്നു. ഭാര്യ ഒരു വീട്ടിൽ പണിക്കു പോയി കിട്ടുന്നതാണ് ആകെയുള്ള ഉപജീവനമാർഗം. എത്രനാൾ അങ്ങനെ കഴിയുമെന്ന ആശങ്കയുമുണ്ട്. ഒരു മകനുൾപ്പെടെ മൂന്നു മക്കളുണ്ട് . പെൺമക്കൾ ഭർത്താക്കന്മാർക്കൊപ്പമാണ്. മകൻ വിവാഹിതനായ ശേഷം വിവരമൊന്നുമില്ല. വയ്യാതാവുമ്പോൾ റോഡിൽപ്പോകാൻ പോലും മാർഗമില്ലാതായാൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണു തങ്ങളിപ്പോഴെന്നു പരാതിയിൽ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page