കായികാധ്യാപകന്‍ താമസിക്കുന്ന ലോഡ്ജില്‍ ആളുകള്‍ വന്നുപോകുന്നു, പൊലീസ് മുറിയില്‍ എത്തിയപ്പോള്‍ ഒന്നു ഞെട്ടി, മുറിയില്‍ കണ്ടെത്തിയത്

മലപ്പുറം: വില്‍പനക്കായി സൂക്ഷിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാധ്യാപകന്‍ പിടിയില്‍. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടന്‍ മുജീബ് റഹ്‌മാന്‍(32) ആണ് പിടിയിലായത്. ആളുകള്‍ ലോഡ്ജില്‍ വന്നു പോകുന്നുവെന്നും ലഹരിക്കച്ചവടം നടക്കുന്നുവെന്നുമുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയതായിരുന്നു പൊലീസ്. അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ എംഇഎസ് ഹോസ്പിറ്റലിന് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഡാന്‍സാഫ് എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്‌കൂളുകളില്‍ ഇയാള്‍ കായികാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ എംഡിഎംഎ, മെത്താ ഫിറ്റമിന്‍ തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തിക്കുന്നത്. പ്രത്യേക കാരിയര്‍മാര്‍ വഴിയാണ് ലഹരിക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത്. കളിപ്പാട്ടങ്ങളിലും മറ്റും ഒളിപ്പിച്ചാണ് ജില്ലയില്‍ പല ഭാഗത്തേക്കും ലഹരി വസ്തുക്കള്‍ എത്തിക്കുന്നത്. ദേശീയാപാതാ പരിസരങ്ങളിലുള്ള പ്രത്യേക സ്പോട്ടുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page