നീലേശ്വരം: പ്രശസ്ത വാദ്യകലാകാരന്‍ നീലേശ്വരം സന്തോഷ് മാരാര്‍ക്ക് തളിപ്പറമ്പ് ടി.ടി.കെ ദേവസ്വത്തിന്റെ ശ്രീ രാജരാജേശ്വര കലാരത്‌ന പുരസ്‌കാരം. ദേവസ്വം നല്‍കുന്ന ഈ പട്ടുംവളയും വാദ്യകലയിലെ പരമോന്നത ബഹുമതിയാണ്. ചെണ്ട വിഭാഗത്തിലാണ് സന്തോഷ് മാരാര്‍ പുരസ്‌കാരത്തിനര്‍ഹനായത്. നവംബര്‍ 15 ന് ഉച്ചയ്ക്ക് ശേഷം രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 14 ന് വൈകുന്നേരം 5.30 ന് ക്ഷേത്രസന്നിധിയില്‍ പുരസ്‌കാര ജേതാക്കളുടെ കലാ സമര്‍പ്പണവും ഉണ്ടാകും. കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ വാദ്യ ശ്രേഷ്ഠ പുരസ്‌കാരവും അടുത്തിടെ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. നീലേശ്വരം സന്തോഷ് മാരാര്‍ നാലുപതിറ്റാണ്ടോളമായി വാദ്യകലാ രംഗത്തുണ്ട്. നീലേശ്വരം മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വാദ്യം തസ്തികയില്‍ ജോലി ചെയ്തു വരികയാണ്. ഗംഗാധര മാരാരുടെയും കൊട്ടില വീട്ടില്‍ കമലാക്ഷിയുടെയും മകനാണ്. ഭാര്യ: എം.ബി.ഷീന (സീനിയര്‍ ക്ലാര്‍ക്ക്, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്). ശ്രാവണ്‍ സന്തോഷ്, ശ്രീദേവ് സന്തോഷ് എന്നിവരാണ് മക്കള്‍.







