പേഷ്യന്‍സ്
കാസര്‍കോട്: ജനങ്ങള്‍ക്കു മുഖ്യമന്ത്രിയോട് ഏതുകാര്യവും അറിയിക്കാമെന്നും ഏതു പരാതിയും പറയാമെന്നും അവയ്ക്കൊക്കെ അപ്പോള്‍ത്തന്നെ പരിഹാരം ഉറപ്പാവുമെന്നും വാഗ്ദാനം ചെയ്ത് ആരംഭിച്ച മുഖ്യമന്ത്രി എന്നോടൊപ്പം തല്‍സമയ ഫോണില്‍ പരിപാടിയില്‍ സഹായം തേടിയ നൂറുകണക്കിന് ഡയാലിസിസ് പേഷ്യന്റ്സിന് എല്ലാം ശരിയാക്കാമെന്ന മറുപടി കേട്ടപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ദൈവമാണ് മറുപടിപറയുന്നതെന്ന ആശ്വാസമായിരുന്നെന്നു രോഗികള്‍ പറയുന്നു. ഉറപ്പു പാറപോലെ ഉറച്ചു നിന്നപ്പോള്‍ അവര്‍ വീണ്ടും വിളിച്ചു. അപ്പോള്‍ നോക്കാമെന്നു വീണ്ടും മറുപടി പറഞ്ഞുവത്രെ. വീണ്ടും വിളിച്ചപ്പോള്‍ എല്ലാം ശരിയാക്കാമെന്നും മറുപടി പറഞ്ഞുവെങ്കിലും ഒന്നും ശരിയാവുന്നില്ലെന്നു ജീവിതത്തിനും മരണത്തിനുമിടയിലൂടെ കടന്നു പോവുന്ന അവര്‍ നിരാശരായി പറഞ്ഞു. ഇനി മരിക്കേണ്ടിവന്നാല്‍ അതു കാസര്‍കോട് ജില്ലാ കളക്ടറുടെ ഓഫീസ് വരാന്തയില്‍ കിടന്നായിരിക്കണമെന്ന് ഒരാശയേ ബാക്കിയുള്ളൂ- കാഞ്ഞങ്ങാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ സൂചിപ്പിച്ചു.
കാസര്‍കോട് കാമത്ത് മെഡിക്കല്‍ സെന്ററില്‍ 15 വര്‍ഷത്തോളമായി സര്‍ക്കാരിന്റെ കാരുണ്യപദ്ധതി വഴി കരാറില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റില്‍ ഡയാലിസിസ് നടത്തിവന്നിരുന്നവര്‍ക്കു രണ്ടാഴ്ചയോളമായി സൗജന്യ ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. ഡയാലിസിസിനു മരുന്നും മറ്റു സാധനങ്ങളും വാങ്ങിയ ഇനത്തില്‍ സര്‍ക്കാരില്‍ നിന്നു ഒരു കോടി രൂപയിലധികം കുടിശ്ശിക ലഭിക്കാനുണ്ടെന്നു യൂണിറ്റ് നടത്തിപ്പുകാരന്‍ ജിന്‍സ് പറഞ്ഞു. ഇതിനു സര്‍ക്കാരില്‍ നേരിട്ടും, കാരുണ്യയിലും, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലും ഡി എം ഒ ക്കും കളക്ടര്‍ക്കുമൊക്കെ നിരന്തരം പരാതി കൊടുത്തിട്ടും ഒരു പൈസപോലും കിട്ടാത്ത അവസ്ഥയിലാണ് ഡയാലിസിസ് യൂണിറ്റില്‍ സൗജന്യ ഡയാലിസിസ് നിറുത്തലാക്കാന്‍ നിര്‍ബന്ധിതമാവുന്നതെന്നു ജിന്‍സ് പറഞ്ഞു. പ്രധാനമന്ത്രി ആയുഷ്മാന്‍ പദ്ധതിയനുസരിച്ചു പ്രവര്‍ത്തിക്കുന്ന യൂണിറ്റിന് കേന്ദ്രസര്‍ക്കാര്‍ വിഹിതമായുള്ള തുക സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്നുണ്ടെന്നും എന്നാല്‍ അതു പോലും നല്‍കുന്നില്ലെന്നും ജിന്‍സ് പരിതപിച്ചു. ഇതിനിടയില്‍ അടുത്തിടെ കാസര്‍കോട് ഒരു സ്വകാര്യ ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്നതിനു തലേദിവസം ആരോഗ്യവകുപ്പിന്റെ മേധാവികള്‍ വിളിച്ച് കുടിശ്ശിക മുഴുവന്‍ പിറ്റേ ദിവസം കൊടുക്കുമെന്നു അറിയിച്ചുവത്രെ. കുടിശ്ശിക കിട്ടുമ്പോള്‍ എല്ലാം ശരിയാവില്ലേ എന്നും ജിന്‍സിനോടവര്‍ ആരാഞ്ഞു. മുഖ്യമന്ത്രി സ്വകാര്യാശുപത്രി ഒരു വിവാദവുമുണ്ടാവാതെ ഉദ്ഘാടനം ചെയ്തു മടങ്ങിയതോടെ എല്ലാം ശരിയാക്കുമെന്ന് അവരും പറഞ്ഞു പഠിച്ചിരിക്കുകയാണെന്നു ജിന്‍സ് തിരിച്ചറിഞ്ഞു.

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യുന്നവരില്‍ ബസ് കൂലിക്കുപോലും നിര്‍വാഹമില്ലാത്തവരുമുണ്ടെന്നു പറയുന്നു. ഇവര്‍ക്ക് ജിന്‍സ് മരുന്നു വിലകൊടുത്തുവാങ്ങി ഡയാലിസിസ് ചെയ്യുന്നു. മറ്റുള്ളവരില്‍ നിന്നു കിട്ടുന്ന പൈസവാങ്ങി അവര്‍ക്കും ഡയാലിസിസ് ചെയ്യുന്നു. എന്നാല്‍ ഇങ്ങനെ എത്രനാള്‍ തുടരാനാവുമെന്നത് ഡയാലിസിസ് യൂണിറ്റ് നടത്തിപ്പുകാരെ ആശങ്കപ്പെടുത്തുകയാണ്.
കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റാണ് ജിന്‍സ,് കാമത്ത് ആശുപത്രിയില്‍ നടത്തിവരുന്നത്. യൂണിറ്റ് തുടങ്ങിയിട്ടു 15 വര്‍ഷമായെന്നു ജിന്‍സ് പറയുന്നു. വ്യവസായങ്ങളും സര്‍വ്വീസ് സ്ഥാപനങ്ങളും തഴച്ചു വളരാന്‍ പദ്ധതികള്‍ വിളംബരം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കാവുന്ന സര്‍വ്വീസ് സ്ഥാപനങ്ങള്‍ക്കു ഷട്ടര്‍ താഴ്ന്നു കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.82 പേരാണ് കാമത്ത് മെഡിക്കല്‍ സെന്ററിലെ ഡയാലിസിസ് യൂണിറ്റില്‍ സൗജന്യഡയാലിസിസ് നടത്തിക്കൊണ്ടിരുന്നത്. പുറത്ത് ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിന് 1500 രൂപ വരെ ഈടാക്കുന്നുണ്ടെന്നു പറയുന്നു. ജില്ലയില്‍ 1200 പേര്‍ സൗജന്യ ഡയാലിസിസ് എടുത്തു വരുകയായിരുന്നു.







