തളിപ്പറമ്പ്: കിടപ്പു രോഗിയുടെ വീട്ടില്‍ നിന്നു 13.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 27,000 രൂപയും കവര്‍ച്ച ചെയ്തതായി പരാതി. പള്ളിവയല്‍, പന്നിയൂര്‍, എഎല്‍പി സ്‌കൂളിനു സമീപത്തെ ചപ്പന്റകത്ത് വീട്ടില്‍ സി. റഷീദയുടെ വീട്ടിലാണ് കവര്‍ച്ച. റഷീദയുടെ ഭര്‍ത്താവ് മുസ്തഫ കിടപ്പു രോഗിയാണ്. ഇദ്ദേഹത്തെ കാണാന്‍ ദിവസവും ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വീട്ടിലെത്താറുണ്ട്. ഒക്ടോബര്‍ 17നും നവംബര്‍ രണ്ടിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. മൂന്നരപ്പവനും നാലരപ്പവനും തൂക്കം വരുന്ന രണ്ടു മാലകള്‍, ഒന്നരപ്പവന്റെ മറ്റൊരു മാല, രണ്ടു പവന്റെ വള, ഒരു പവന്റെ കൈചെയിന്‍, അരപ്പവന്‍ മോതിരം, അരപ്പവന്റെ രണ്ടു ജോഡി കമ്മല്‍ എന്നിവയും 27,000 രൂപയുമാണ് മോഷണം പോയത്. താക്കോലുപയോഗിച്ചാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നത്. ആഭരണം നഷ്ടപ്പെട്ടതിനെ കുറിച്ച് മുസ്തഫയെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നു. എന്നാല്‍ അനുകൂലമായ പ്രതികരണങ്ങളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മുസ്തഫയുടെ ഭാര്യ റഷീദ കഴിഞ്ഞ ദിവസം വൈകിട്ട് പൊലീസില്‍ പരാതി നല്‍കിയത്.







