തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു. രക്ഷിക്കാൻ ചാടിയ സഹോദരൻ കിണറിൽ കുടുങ്ങി. അര്‍ച്ചന ചന്ദ്ര (27) ആണ് മരിച്ചത്. യുവതിയെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടിയ സഹോദരന്‍ ഭവനചന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വിഴിഞ്ഞം കരിച്ചല്‍ കൊച്ചുപള്ളിയില്‍ ആണ് സംഭവം. കുടുംബ വഴക്കിനിടയിലാണ് യുവതി കിണറ്റിൽ ചാടിയതെന്ന് പൊലീസ് പറയുന്നു. പിന്നാലെ സഹോദരനും ചാടുകയായിരുന്നു. 100 അടിയോളം താഴ്ചയുള്ള കിണറിലാണ് ഇരുവരും ചാടിയത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് വിഴിഞ്ഞത്തു നിന്നും പൂവാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയായിരുന്നു ഇരുവരെയും പുറത്തെടുത്തത്. അര്‍ച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസീം ഷെയ്ക്കാണ് ഭർത്താവ്. അബി ഷെയ്‌ഖ്, ബർണാഷാ ഷെയ്‌ഖ് എന്നിവർ മക്കളാണ്.







