കല്‍പ്പറ്റ: കാര്‍യാത്രക്കാരില്‍ നിന്നു 3,37,500 രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍. വൈത്തിരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കല്‍പ്പറ്റയിലെ അബ്ദുല്‍ ഷുക്കൂര്‍ (34), കോട്ടവയലിലെ അബ്ദുല്‍ മജീദ് (44), ഡ്രൈവര്‍ ചുങ്കത്തറയിലെ ബിനീഷ് (44) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
സെപ്തംബര്‍ 15ന് ആണ് കേസിനാസ്പദമായ സംഭവം. കാറില്‍ പണം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വൈത്തിരി പൊലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയില്‍ കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ജിനാസും സംഘവും കാറിലെത്തി. പൊലീസ് കാര്‍ തടഞ്ഞു നിര്‍ത്തി അകത്തുണ്ടായിരുന്നവരെ പുറത്തിറക്കി നിര്‍ത്തിയശേഷം കാറിനകത്തുണ്ടായിരുന്ന പണം എടുക്കുകയും കുഴല്‍ പണമാണെന്നു ഭീഷണിപ്പെടുത്തി ഒടുവില്‍ കാര്‍ മാത്രം വിട്ടു കൊടുക്കുകയുമായിരുന്നുവത്രെ.
പൊലീസ് നടപടിക്കെതിരെ മുഹമ്മദ് ജിനാസ് പൊലീസില്‍ത്തന്നെ പരാതി നല്‍കി. കേസെടുത്തതോടെ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു പൊലീസുകാരെയും അറസ്റ്റു ചെയ്തു.
അറസ്റ്റിനുള്ള സാധ്യത മുന്‍കൂട്ടി കണ്ട പൊലീസുകാര്‍ ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അതിനാല്‍ പൊലീസുകാരില്‍ നിന്നു മൊഴിയെടുത്ത ശേഷം വിട്ടയച്ചു.







