ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടറുടെ വീട്ടില്‍ നിന്നു തെലുങ്കാന എക്‌സൈസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മയക്കുമരുന്നുകളും മയക്കുമരുന്നു സംഘത്തിന്റെ വിവരങ്ങളും പിടിച്ചെടുത്തു. മുഷീരാബാദിലെ ഡോ. ജോണ്‍പോളിന്റെ വീട്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന ആറുതരം മയക്കുമരുന്നുകളും മയക്കുമരുന്ന് ഏജന്റുമാരുടെ വിവരങ്ങളും പിടികൂടിയത്. ജോണ്‍പോളിനെ അറസ്റ്റു ചെയ്തു. കൂട്ടാളികളായ പ്രമോദ്, സന്ദീപ്, ശരത് എന്ന സരതുലു എന്നിവര്‍ രക്ഷപ്പെട്ടു. മയക്കുമരുന്നിനടിമയായ ഡോക്ടര്‍ ജോണ്‍പോള്‍ അതിനുവേണ്ടി പണം കണ്ടെത്താനാണ് മയക്കുമരുന്നു കച്ചവടം തന്നെ തുടങ്ങിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഡെല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നു വന്‍ തോതില്‍ മയക്കുമരുന്നുകള്‍ ഡോക്ടറുടെ വീട്ടിലെത്തിക്കുകയും അവിടെ നിന്നു ഇടപാടുകാര്‍ക്കു കൈമാറുകയുമായിരുന്നുപതിവെന്നു പറയുന്നു. ഒ ജി കുഷ്, എം ഡി എം എ, എല്‍ എസ് ഡി സ്റ്റിക്കുകള്‍, കൊക്കെയ്ന്‍, ഗമ്മസ്, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തവയില്‍പ്പെടുന്നു.







