കുമ്പള ബദിയഡുക്ക റോഡിലെ ബസ്‌സ്റ്റാന്റില്‍ ആദ്യമഴക്കു തന്നെ വെള്ളം കയറി; യാത്രക്കാര്‍ വിഷമത്തില്‍

കുമ്പള: കുമ്പള ടൗണിലെ പ്രധാന ബസ് വെയ്റ്റിംഗ് സ്ഥലത്തു ആദ്യമഴക്കു തന്നെ വെള്ളം കയറി.
ബദിയഡുക്ക, മുള്ളേരിയ, പെര്‍ള, പേരാല്‍കണ്ണൂര്‍, കോട്ടേക്കാര്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള ബസ്സുകള്‍ നിറുത്തുന്ന റോഡ് സൈഡിലാണ് വെള്ളം കയറിയത്. ഇതു മൂലം ബസ്സുകള്‍ വെള്ളക്കെട്ടിനു മുന്നിലോ പിന്നിലോ നിറുത്തുന്നു. ബസ്സില്‍ക്കയറാന്‍ ചെളിവെള്ളത്തിലൂടെ യാത്രക്കാര്‍ക്കു പോകേണ്ട അവസ്ഥയും ഉണ്ടാവുകയാണ്. കാലവര്‍ഷം ശക്തമാവാനിരിക്കെ യാത്രക്കാര്‍ക്കു ബസ് കാത്തു നില്‍ക്കാന്‍ റോഡ് സൈഡിലൂണ്ടാക്കിയ ഷെഡ്ഡിലും യാത്രക്കാര്‍ക്കു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാകുമെന്ന് ആശങ്കയുണ്ട്.
കഴിഞ്ഞ വര്‍ഷം മഴക്കും ഇതേ അനുഭവമുണ്ടായിരുന്നു. റോഡ് സൈഡില്‍ നിലവിലുള്ള ഡ്രൈയിനേജില്‍ കെട്ടി നില്‍ക്കുന്ന മഴവെള്ളം ഒഴുക്കിവിടാന്‍ നടപടിയെടുക്കണെന്നു യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും അന്നും പഞ്ചായത്ത്, മരാമത്ത്, കെ എസ് ടി പി അധികൃതരോടാവശ്യപ്പെട്ടിരുന്നു. ആരും നടപടിയെടുത്തില്ല. തിരിഞ്ഞു നോക്കിയതുമില്ല. സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്തു ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നു പാവം യാത്രക്കാര്‍ പരസ്പരം ചോദിക്കുന്നു. അതേസമയം രാഷ്ട്രീയക്കാര്‍ അണ്ണാക്കില്‍ പുണ്ണാക്കു കുടുങ്ങിയപോലെ കണ്ണുമിഴുച്ചു നില്‍ക്കുകയാണെന്നും നാട്ടുകാരും വ്യാപാരികളും അപലപിച്ചു. ജനപ്രതിനിധികളും ഇത്തരത്തിലാവുന്നതില്‍ ജനങ്ങള്‍ കുണ്ഠിതം പ്രകടിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page