തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു. തിരുവനന്തപുരം സ്വദേശി സോന (19)ക്ക് ഗുരുതര പരിക്കേറ്റു. തലയ്ക്കും കൈകാലുകള്‍ക്കുമാണ് പരിക്ക്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവതിയെ തള്ളിയിട്ടത്. മദ്യപിച്ച് കമ്പാര്‍ട്ട്മെന്റില്‍ കയറിയ ആൾ വര്‍ക്കല അയന്തി ഭാഗത്ത് ട്രെയിൻ എത്തിയപ്പോൾ യുവതിയെ പുറത്തേക്ക് തള്ളി ഇടുകയായിരുന്നു. പ്രതിയെ പിന്നീട് കൊച്ചുവേളിയില്‍ വച്ച് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. പനിച്ചുമൂട് സ്വദേശി സുരേഷ് കുമാറാ(48)ണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. മദ്യപിച്ച് ട്രെയിൻ കയറി ശല്യം ഉണ്ടാക്കിയ ആളോട് സോണിയും സുഹൃത്തുക്കളും വാക്കേറ്റം നടത്തിയിരുന്നു. പ്രകോപിതനായ സുരേഷ് യുവതികളെ കയ്യേറ്റം ചെയ്തു. അതിനിടയിൽ സോനയെ ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ സഹയാത്രിക പറഞ്ഞു. പരിക്കേറ്റ് ട്രാക്കില്‍ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിന്‍ ആണ് ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ട്രെയിനിലെ യാത്രക്കാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്പിച്ചത്. പ്രതിയെ ചോദ്യംചെയ്ത് വരികയാണ്.







