തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പ്രതി സുരേഷ് കുമാര്‍ തള്ളിയിട്ടത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയെന്ന് എഫ് ഐ ആര്‍. പ്രകോപനത്തിന് കാരണം വഴി മാറിക്കൊടുക്കാത്തതെന്നും മൊഴി സമ്മതിച്ചതായി എഫ് ഐ ആറിലുണ്ട്. താന്‍ തന്നെയാണ് പെണ്‍കുട്ടിയെ
ട്രാക്കിലേക്ക് തള്ളിയിട്ടതെന്ന് പ്രതി സുരേഷ് കുമാര്‍ സമ്മതിച്ചു. ആദ്യം ഒരു ബംഗാളിയാണ് തള്ളിയിട്ടതെന്നാണ് പൊലീസിനോട് പറഞ്ഞത്. ട്രെയിനിന്റെ വാതിലില്‍ നിന്ന് പെണ്‍കുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് താന്‍ ചവിട്ടിയത് എന്നുമാണ് സുരേഷിന്റെ മൊഴി. ഏറ്റുമാനൂരില്‍ ബന്ധുവും സുഹൃത്തുമായ ഒരാളെ കണ്ടു ജോലി തേടുകയായിരുന്നു സുരേഷിന്റെ ലക്ഷ്യം. പ്രതി സ്ഥിര മദ്യപാനിയും പ്രശ്നക്കാരനുമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സോനുവിനെ ചവിട്ടിത്താഴെയിട്ടതു കണ്ടു തടയാന്‍ ശ്രമിച്ചപ്പോഴാണ് എന്നെയും തള്ളിയിടാന്‍ ശ്രമിച്ചതെന്ന് മറ്റൊരു യാത്രക്കാരി അര്‍ച്ചന പറഞ്ഞു.
സോനുവും അര്‍ച്ചനയും ഞായറാഴ്ച വൈകീട്ട് ആലുവയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഒരുമിച്ചാണ് യാത്ര തുടങ്ങിയത്. യാതൊരു പ്രകോപനുമില്ലാതെയാണ് തങ്ങളെ ആക്രമിച്ചതെന്ന് അര്‍ച്ചന പറയുന്നു. ചോദ്യം ചെയ്ത സോനുവിനെ തള്ളിയിട്ടപ്പോള്‍ ബഹളം വച്ചതിനാണ് തന്നെയും തള്ളിയിടാന്‍ ശ്രമിച്ചതെന്നും ചവിട്ടുപടിയില്‍ പിടിച്ചുനിന്ന തന്നെ മറ്റു യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെന്ന് അര്‍ച്ചന പറഞ്ഞു. ആളൊഴിഞ്ഞ കാടുമൂടിയ ട്രാക്കിലേക്കാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ തള്ളിയിട്ടതെന്ന് പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു. പിന്നാലെ മെമു ട്രെയിന്‍ എത്തിയതിനാലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായതെന്നും അവര്‍ പറഞ്ഞു. അതേ സമയം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോനുവിന്റെ സിടി സ്‌കാന്‍ പരിശോധന നടത്തി. ആന്തരിക രക്തസ്രാവമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.







