പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് ചൂടിനിടെ രാഹുല്‍ഗാന്ധി മീന്‍പിടിത്തത്തിനു കുളത്തിലിറങ്ങി. കടുത്ത മല്‍സരം നേരിടുന്ന ബഗുസാരായി ജില്ലയിലെ ഒരു പ്രചരണ റാലിയെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു മീന്‍പിടിത്തത്തിന് കുളത്തിലിങ്ങിയതെന്നു പറയുന്നു. ഇന്ത്യാ സഖ്യത്തിലെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ടി പങ്കാളിയായ മുന്‍സംസ്ഥാന മന്ത്രി മുകേഷ് സാഹ്നിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുളത്തിലിറങ്ങി അതിവിദഗ്ധമായി രാഹുല്‍ഗാന്ധി വലവീശുന്നത് കണ്ട് സാഹ്നി അല്‍ഭുതപ്പെട്ടു. വലവീശുന്നതിലെ സാമര്‍ഥ്യം കണ്ട് ആവേശഭരിതനായ സാഹ്നി കുളത്തില്‍ മുങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു. മല്‍സ്യത്തൊഴിലാളികള്‍ കൂടുതലുള്ള മണ്ഡലത്തില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിക്കുവാന്‍ അവര്‍ക്കൊപ്പം എപ്പോഴും തങ്ങളുണ്ടാവുമെന്ന് ബോധ്യപ്പെടുത്താനുമായിരുന്നു ഇതെന്നു പറയുന്നു. രാഹുലിന്റെ പ്രകടനം കണ്ട് അത് നോക്കി നിന്ന മല്‍സ്യത്തൊഴിലാളികള്‍ക്കും ആവേശം കയറുകയും അവരും കുളത്തിലിറങ്ങുകയും ചെയ്തു. അവര്‍ രാഹുല്‍ഗാന്ധിക്ക് സിന്ദാബാദ് വിളിച്ചു. രാഹുല്‍ ഗാന്ധി മീന്‍പിടിക്കുന്ന വിഡിയോ ക്ലിപ് കോണ്‍ഗ്രസ് അവരുടെ എക്‌സ് ഹാന്‍ഡിലില്‍ പങ്ക് വച്ചു. മല്‍സ്യത്തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധികളും മൂന്നുമാസത്തേക്ക് മല്‍സ്യബന്ധനം നിരോധിച്ചതുമൂലമുള്ള പ്രശ്‌നങ്ങളും, മല്‍സ്യകൃഷി ഇന്‍ഷൂറന്‍സ്, മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം ധന സഹായം തുടങ്ങിയവയെക്കുറിച്ചും തൊഴിലാളികളും രാഹുലും തമ്മിലുള്ള സംവാദവും വിഡിയോയില്‍ ഉണ്ട്.







