ഒരുകാലത്ത് മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ സുപരിചിതയായി മാറിയ നടിയാണ് സുമ ജയറാം. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 90 കളില്‍ പ്രമുഖ നടന്‍മാരുടെ സഹോദരിയായും നായികമാരുടെ സുഹൃത്തായും സുമ വേഷമിട്ടിരുന്നു. 2003ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ കസ്തൂരിമാന്‍ എന്ന ചിത്രത്തിലാണ് സുമ അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ താരം അഭിനയം അവസാനിപ്പിച്ചതിനുപിന്നിലുളള കാര്യങ്ങള്‍ ഒരു യൂട്യൂബ് ചാനലിനോട് തുറന്നുപറഞ്ഞിരിക്കുകയാണ്.
പല സിനിമകളിലും നല്ല വേഷം തരാമെന്നുപറഞ്ഞാണ് വിളിക്കുന്നത്. പക്ഷെ സെറ്റിലെത്തിയാല്‍ കിട്ടുന്നത് ചെറിയ റോള്‍ മാത്രമാണ്. സീനുകള്‍ക്ക് ലെങ്ത് വരുമ്പോള്‍ കട്ട് ചെയ്യും. അപ്പോള്‍ നമ്മള്‍ അഭിനയിച്ചത് രണ്ട് സീനുകളിലേക്കൊക്കെ ആയിപ്പോകും. അങ്ങനെയാണ് ചെറിയ ക്യാരക്ടറിലേക്ക് ഒതുക്കപ്പെട്ടത്. എപ്പോഴും അവഗണന തന്നെയാണ്. ആ സമയങ്ങളില്‍ എനിക്ക് പകരമായി തമിഴ്‌നാട്ടില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവന്ന് അഭിനയിപ്പിച്ചിട്ടുണ്ട്. അവരൊക്കെ ഇപ്പോള്‍ മോശം അവസ്ഥയിലാണ് ജീവിക്കുന്നത്. ഇന്ന് സ്ത്രീകള്‍ സിനിമാ മേഖലയില്‍ സുരക്ഷിതരാണെങ്കിലും പണ്ട് അങ്ങനെയല്ല. പല കാര്യങ്ങളും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാതെ വരുമ്പോള്‍ അവസരങ്ങളെല്ലാം നഷ്ടപ്പെടും. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഞാന്‍ വലിയ നായികയാകുമായിരുന്നുവെന്ന് സുമ പറയുന്നു. ഇന്നും തുറന്ന് പറയുന്നവര്‍ക്ക് അവസരങ്ങള്‍ കുറയുന്നുണ്ട്. ഞാന്‍ വലിയൊരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയതാണ്. ഞാനും അമ്മയും കൂടിയാണ് പോയത്. ഒരാഴ്ചയാണ് ഷൂട്ടിന് ഡേറ്റ് പറഞ്ഞത്. ഷൂട്ടിംഗ് രാവിലെ തീര്‍ന്ന് വൈകീട്ട് റൂമില്‍ വന്നു. 10 മണിയായപ്പോള്‍ പ്രമുഖ സംവിധായകന്‍ പിറകില്‍ കൂടെ കയറി വന്ന് ബാല്‍ക്കണിയുടെ ഡോറില്‍ തട്ടുകയാണ്. നമ്മള്‍ ജനലിലൂടെ കാണുന്നത് ഈ സംവിധായകന്‍ നിന്ന് തട്ടുന്നതാണ്. ഫുള്‍ ഫിറ്റാണ്. എനിക്കന്ന് 16-17 വയസാണ്. ഞാന്‍ പേടിച്ചു. കുറച്ച് നേരം ഡോറില്‍ തട്ടി പിന്നെ അദ്ദേഹം അപ്പുറത്തേക്ക് പോയി. നേരം വെളുത്ത് ലൊക്കേഷനില്‍ നിന്ന് ഞങ്ങള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്ന് ചീത്തയാണ് കേള്‍ക്കുന്നത്. ഇതൊക്കേ പേടിച്ചിട്ടാണ് ആരും ഒന്നും പറയാത്തതെന്നും സുമ ജയറാം പറഞ്ഞു.







