കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കാപ്പ കേസ് പ്രതി ഭാര്യയെ ഫോണ്‍ ചെയ്ത് വധ ഭീഷണി മുഴക്കിയതായി പരാതി. ഭീഷണി സന്ദേശം റെക്കോര്‍ഡ് ചെയ്ത് ഭാര്യ ജയില്‍ സൂപ്രണ്ടിനു അയച്ചു കൊടുത്തതതിനെതുടര്‍ന്ന് പ്രതിയുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ജയില്‍ സൂപ്രണ്ട് കെ വേണു നല്‍കിയ പരാതിയില്‍ 15-ാം നമ്പര്‍ സെല്ലിലെ കാപ്പ കേസ് തടവുകാരനായ തൃശൂര്‍, പുതുക്കാട്, നായരങ്ങാടി, താഴേക്കാട്ടില്‍ ഹൗസില്‍ ഗോപകുമാറിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ചയാണ് സംഭവം. കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ഗോപകുമാര്‍ ഭാര്യയ്ക്ക് ഫോണ്‍ ചെയ്ത് അക്കൗണ്ടിലേയ്ക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടു. കഴിയില്ലെന്നു പറഞ്ഞപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു പറയുന്നു. ഫോണ്‍ കാള്‍ റെക്കോര്‍ഡ് ചെയ്ത ഭാര്യ അത് ജയില്‍ സൂപ്രണ്ടിനു അയച്ചു കൊടുത്തു. ഇതേ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഗോപകുാറിനെ പാര്‍പ്പിച്ചിരുന്ന പതിനഞ്ചാം നമ്പര്‍ സെല്ലില്‍ പരിശോധന നടത്തുകയും ഫോണ്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ പത്താം നമ്പര്‍ സെല്ലിലേയ്ക്ക് മാറ്റുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.







