കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ റെക്കോഡ് നേട്ടവുമായി ചെറുവത്തൂര്‍ കാരി സ്വദേശിനി സോന മോഹന്‍. ജൂനിയര്‍ ഗേള്‍സ് ഡിസ്‌കസ് ത്രോയില്‍ 38.64 എറിഞ്ഞാണ് സോനാ മോഹന്‍ റെക്കോഡ് പുസ്തകത്തില്‍ പേരെഴുതി ചേര്‍ത്തത്. തൃശൂര്‍ സ്വദേശി അതുല്യ ഏഴ് വര്‍ഷം മുന്‍പ് കുറിച്ച 37.73 എന്ന റെക്കോഡാണ് സോന തിരുത്തിയത്. കഴിഞ്ഞ തവണ കൈവിട്ട സ്വര്‍ണമാണ് സോന ഈ റെക്കോഡ് നേട്ടത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. കെ.സി ത്രോ അക്കാദമിയിലെ ഗിരീഷ് കെസിയുടെ ശിക്ഷണത്തിലാണ് സോന മികച്ച പ്രകടനം പുറത്തെടുത്തത്. ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവര്‍ പി പി മോഹനന്റെയും ടി.സൗമ്യയുടെയും മൂത്ത മകളാണ് സോന. കുട്ടമത്ത് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.







