കണ്ണൂര്‍: നാടിനെ നടുക്കിയ ദൃശ്യം മോഡല്‍ കൊല കേസില്‍ ജാമ്യത്തിലിറങ്ങി വര്‍ഷങ്ങളായി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ പൊലീസ് സാഹസീകമായി പിടികൂടി. പരേഷ്‌നാഥ് മണ്ഡലിനെയാണ് ഇരിട്ടി ഡിവൈ.എസ്.പി: പി.കെ ധനഞ്ജയബാബുവിന്റെ നിര്‍ദേശാനുസരണം ഇരിക്കൂര്‍ ഇൻസ്പെക്ടർ രാജേഷ് ആയോടന്റെ മേല്‍നോട്ടത്തില്‍ ബംഗ്‌ളാദേശ് അതിര്‍ത്തിയില്‍ വച്ച് എ.എസ്.ഐ: സദാനന്ദന്‍ ചേപ്പറമ്പ് അറസ്റ്റ് ചെയ്തത്.
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്‌ലാമിനെ (26) കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രധാനപ്രതിയാണ് പരേഷ്‌നാഥ് മണ്ഡല്‍. 2021 ജൂണ്‍ 28നാണ് അഷിക്കൂലിനെ കാണാതായത്. ഇരിക്കൂര്‍ പെരുവളത്തുപറമ്പില്‍ താമസിച്ച് തേപ്പ് പണി ചെയ്തുവരികയായിരുന്നു ഇയാള്‍. അഷിക്കൂലിനെ കാണാതായതിന് പിറകെ ഒപ്പം ജോലി ചെയ്തിരുന്ന പരേഷ്‌നാഥ് മണ്ഡലിനെയും ഗണേഷ് മണ്ഡലിനെയും കാണാതായി. അഷിക്കൂലിന്റെ സഹോദരന്‍ മോമിന്‍ ഇരിക്കൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് അന്നത്തെ ഇരിട്ടി ഡിവൈ.എസ്.പി: പ്രിന്‍സ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അന്വേഷണത്തിൽ സപ്തംബര്‍ പത്തിന് പെരുവളത്തുപറമ്പ് കുട്ടാവ് ജംഗ്ഷനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ബാത്ത്‌റൂമില്‍ കുഴിച്ചുമൂടിയശേഷം മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തനിലയില്‍ മൃതദേഹം കണ്ടെടുത്തു.തുടര്‍ന്ന് പരേഷ് മണ്ഡലിനെയും പിന്നീട് ഗണേഷ് മണ്ഡലിനെയും അറസ്റ്റ് ചെയ്തു. കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം പരേഷ്‌നാഥ് മണ്ഡല്‍ മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ നിരന്തരം ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് പ്രതിയെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് എ.എസ്.ഐ: സദാനന്ദന്‍ ചേപ്പറമ്പിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗ്‌ളാദേശ് അതിര്‍ത്തിയിലെത്തി വ്യാഴാഴ്ച രാത്രിയോടെ സാഹസികമായി പിടികൂടിയത്. ഇരിക്കൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദിഖ് പൊറോറ, പ്രജീഷ് ചൂളിയാട് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.







