കാസര്‍കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ട്രെയിനിന് നേരെ കല്ലേറ് നടന്ന സംഭവങ്ങളെ തുടര്‍ന്ന് കല്ലേറ് സാധ്യത പരിഗണിച്ച് കാസര്‍കോട് ജില്ലയിലെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ ബുധനാഴ്ച രാത്രി റെയില്‍വേ പൊലീസും ആര്‍പിഎഫും സംയുക്ത പരിശോധന നടത്തി. കാഞ്ഞങ്ങാട്, ബേക്കല്‍ കോട്ട, കോട്ടിക്കുളം, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രാക്ക് പട്രോളിങ് നടന്നത്. വൈകീട്ട് അഞ്ചുമുതല്‍ രാത്രി പത്തരവരെ നടത്തിയ പരിശോധനയില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്.ഐ സനില്‍കുമാര്‍, ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ശശി, ഉദ്യോഗസ്ഥരായ വിവി ശശീധരന്‍, ആര്‍ ശ്രീരാജ്, ജോതിഷ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിശോധനയില്‍ സാമൂഹ്യവിരുദ്ധരെയോ, മദ്യപാനികളെയോ, പാളം അതിക്രമിച്ചു കടക്കുന്നവരെയോ കണ്ടെത്താനായില്ല. ട്രാക്ക് പരിസരത്ത് കണ്ട ആളുകള്‍ക്ക് ബോധവല്‍ക്കരണവും നടത്തി. കഴിഞ്ഞ ദിവസം കണ്ണൂരില്‍ കല്ലേറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ കല്ലേറ് സാധ്യത കണ്ട് ട്രാക്ക് പട്രോളിങ് നടന്നത്.







